അനന്യ പറയുന്നു - മലയാളികള്‍ മാത്രമാണ് ഇങ്ങനെ...

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (13:49 IST)
PRO
തന്‍റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട കമന്‍റുകള്‍ക്കും വാര്‍ത്തകള്‍ക്കുമെതിരെ നടി അനന്യ രംഗത്തെത്തി. മലയാളികള്‍ മാത്രമാണ് സിനിമാ നടിമാരോട് മോശമായി പെരുമാറുന്നതെന്നും വടക്കേ ഇന്ത്യക്കാരൊന്നും ഇങ്ങനെ ചെയ്യില്ലെന്നും അനന്യ പറയുന്നു. മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്നും നടി പറയുന്നു. മലയാളികള്‍ക്ക് ഫേസ്ബുക്ക് സംസ്കാരം ഇല്ലെന്ന കടുത്ത വിമര്‍ശനമാണ് അനന്യ ഉന്നയിച്ചിരിക്കുന്നത്.

ഞാനും പൃഥ്വിരാജുമൊക്കെ പബ്ലിക് ഫിഗേഴ്‌സാണ്. അത് സമ്മതിയ്ക്കുന്നു. അതുകൊണ്ട് ആര്‍ക്കും ഞങ്ങളുടെ സ്വകാര്യതയില്‍ കയറി ഇടപെടാം എന്നു കരുതേണ്ടതില്ല. കുറച്ചുനാള്‍ മുമ്പ് പൃഥ്വിരാജാണ് ഫേസ്ബുക്ക് ആക്രമണത്തിന് ഇരയായത്. ഇപ്പോള്‍ ഞാന്‍. ഫേസ്ബുക്കിലൂടെ എനിക്കെതിരെ ആക്രമണം നടത്തിയ ആരുടെയെങ്കിലും കുടുംബാംഗമാണ് ഞാന്‍ എങ്കില്‍ എന്നോട് ഇത് ചെയ്യുമോ? ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചേട്ടന്‍മാര്‍ക്ക് അമ്മയും പെങ്ങന്‍മാരുമില്ലേ? - അനന്യ ചോദിക്കുന്നു.

എന്‍റെ വിവാഹനിശ്ചയക്കാര്യത്തില്‍ ഞാനും എന്‍റെ കുടുംബവും ഹാപ്പിയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ആസ്വദിക്കുകയും അത് പ്രസിദ്ധീകരിക്കുകയുമാണ് ഫേസ്ബുക്കിലൂടെ മലയാളികള്‍ ചെയ്യുന്നത്. അതവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ട് - അനന്യ പറയുന്നു.

അനന്യയുടെ പ്രതിശ്രുതവരന്‍ ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്നും അനന്യ വീട്ടുതടങ്കലിലാണെന്നുമൊക്കെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരണം നടന്നിരുന്നു.