സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ Bsc/Post Bsc വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
താല്‍പര്യമുളളവര്‍ triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 10 നകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
ഒന്‍പത് മാസം നീളുന്ന സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കുന്ന കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 2300 യൂറോയും രജിസ്‌ട്രേഡ് നഴ്‌സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവര്‍ടൈം അലവന്‍സുകള്‍ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തില്‍ A2 അല്ലെങ്കില്‍ B1 പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കും ഇതിനോടകം B1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.