ഡിസൈനിംഗ്-സാധ്യതയുള്ള തൊഴില്‍ മേഖല

Webdunia
കലയും നൂതനസാങ്കേതികതയും ഒന്നിക്കുന്ന മേഖലയാണ് ഡിസൈനിംഗ്. നല്ല അഭിരുചിയും പരിശ്രമവുമുണ്ടെങ്കില്‍ ആര്‍ക്കും ഒരു കരിയര്‍ കെട്ടിപ്പടുക്കാന്‍ കഴിയുന്ന മേഖല കൂടിയാണിത്. ഇന്‍റീരിയര്‍, ഇന്‍ഡസ്ട്രിയല്‍, ഫാഷന്‍, ഫോട്ടോഗ്രഫി, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങി നിരവധി കരിയര്‍ സാധ്യതകളാണ് ഡിസൈനിംഗ് തരുന്നത്.

ആധുനികത കഴിഞ്ഞ് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരാധുനികത കടന്നു വന്നതോടെ നൂതന സങ്കേതങ്ങളുപയോഗിച്ച് ഡിസൈനിംഗ് ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളുണ്ട്. മാധ്യമ-വ്യവസായ-വസ്ത്രമേഖലകളിലാണ് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളത്.

സാങ്കേതികതയോടുള്ള താത്പര്യവും കലയോടുള്ള അഭിരുചിയുമാണ് ഡിസൈനിംഗ് തെരഞ്ഞെടുക്കുന്നവര്‍ക്ക് കൈമുതലായി വേണ്ടത്. നൂതനാശയങ്ങള്‍ കണ്ടെത്തുവാനും പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവാണ് പ്രതിഭാധനരായ ഡിസൈനര്‍മാരെ സൃഷ്ടിക്കുന്നത്. പുതിയ സാങ്കേതികത വരുമ്പോള്‍ അതുമായി പൊരുത്തപ്പെടാനുള്ള കഴിവും ഇവിടെ ഒരു ഘടകമാണ്.

ഏത് സ്ട്രീമെടുത്ത് പ്ളസ് 2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും ഡിസൈനിംഗ് പാഠ്യവിഷയമായി തെരഞ്ഞെടുക്കാവുന്നതാണ്. സ്വകാര്യസ്ഥാപനങ്ങളും അംഗീകാരമുള്ള കോളേജുകളും വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട ഡിസൈനിംഗില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.

അരീന മള്‍ട്ടീമീഡിയ, പെന്‍റസോഫ്റ്റ്, ഇമേജ് തുടങ്ങി ഒരുപിടി സ്വകാര്യസ്ഥാപനങ്ങളും ഒട്ടുമിക്ക പ്രസിദ്ധകോളേജുകളും മള്‍ട്ടീമീഡിയാ ഡിസൈനിംഗില്‍ കോഴ്സുകള്‍ നല്‍കിവരുന്നുണ്ട്. ഫോട്ടോഷോപ്പ്, തിരി സ്റ്റുഡിയോ മാക്സ്, മായ, ഇമേജ് റെഡി തുടങ്ങിയ മള്‍ട്ടീമീഡിയ സോഫ്റ്റ് വെയറുകളുടെ പ്രവര്‍ത്തനവും ആവശ്യത്തിന് പ്രോഗ്രാമിംഗുമാണ് പ്രധാനമായും പാഠ്യപദ്ധതിയിലുണ്ടാവുക.