വനിതാപൊലീസ്: നിയമനം നടക്കുന്നില്ലെന്ന്

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2007 (15:43 IST)
KBJWD
ഒഴിവുകള്‍ ഉണ്ടായിട്ടും വനിതാപൊലീസ് തസ്തികയിലേക്ക് നിയമനം നടക്കുന്നില്ലെന്ന് പരാതി. നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍.

2003 ഡിസംബറിലാണ് വനിതാപൊലീസിന്‍റെ ഒഴിവുകളിലേക്ക് പി.എസ്.സി വിജ്ഞാപനം ഇറക്കിയത്. 2004 ല്‍ പരീ‍ക്ഷ നടത്തുകയും 2006ല്‍ 46 പേര്‍ക്കും 2007ല്‍ 56 പേര്‍ക്കും നിയമനം ലഭിക്കുകയും ചെയ്തു. എം.എസ്.പിയില്‍ 24ഉം കോഴിക്കോട് നഗരത്തില്‍ 46ഉം ഒഴിവുകള്‍ ഉള്ളതായാണ് വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞതെന്ന് റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ പറയുന്നു.

എന്നാല്‍ ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഹെര്‍ഡ് കോര്‍ട്ടേഴ്സിലേക്ക് അയച്ചുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഈ ഒഴിവുകളൊന്നും തന്നെ നിലവിലില്ലെന്നും
വിവരാവകാശപ്രകാരം തങ്ങള്‍ക്ക് കിട്ടിയ വിവരം തെറ്റാണെന്നുമാണ് അധികൃതര്‍ പറയുന്നു.

വനിതാപൊലീസിന്‍റെ അംഗസംഖ്യ പത്ത് ശതമാനമാക്കണമെന്ന ഇടതുപക്ഷ സര്‍ക്കാരിന്‍റെ 1996ലെ തീരുമാനം ഇതുവരെയും നടപ്പിലായിട്ടില്ല. 2600 പേര്‍ മാത്രമാണ് ഇപ്പോഴും വനിതാപൊലീസില്‍ ഉള്ളത്. പത്ത് ശതമാനമാക്കണമെങ്കില്‍ ഇനിയും മൂവായിരത്തിലധികം വനിതാപൊലീസുകാരെക്കൂടി വേണ്ടി വരും.

ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഒള്ള ഒഴിവുകളില്‍ പോലും നിയമനം നടക്കാതിരിക്കുന്നത്.