ആനിമേഷന്‍, ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിലെ ചെറുപ്പക്കാര്‍ തിരിയുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.
തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് കോള്‍ സെന്‍റര്‍ ജോലിയോടുള്ള പ്രിയം കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഗരിക യുവത്വത്തിന്‍റെ പുതിയ തൊഴിലന്വേഷണങ്ങളെപ്പറ്റി അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) തയ്യാറാക്കിയ പ്രബന്ധത്തിലാണ് ഈ വിവരം.
കോള്‍ സെന്‍റര്‍ വഴിയുള്ള പുറംകരാര്‍ ജോലികള്‍ ഉപേക്ഷിക്കുന്ന നഗരത്തിലെ ചെറുപ്പക്കാര്‍ മികച്ച ശമ്പളവും ജോലി സാഹചര്യവുമുള്ള പുതു മേഖലകളാണ് ഇപ്പോള്‍ ലക്‍ഷ്യം വയ്ക്കുന്നത്. പ്ലസ് ടു പാസ്സായ ഉടന്‍ കോള്‍സെന്‍റര്‍ ജോലികളിലേക്ക് കടക്കുന്ന പ്രവണതയാണ് ഇടക്കാലത്ത് കണ്ടിരുന്നത്.
എന്നാലിന്ന് വ്യോമയാന, റീട്ടെയ്‌ല്‍, മാധ്യമ പ്രവര്‍ത്തന മേഖലകളാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ ആനിമേഷന്‍, ഡിസൈനിങ്, ഹോസ്പിറ്റാലിറ്റി എന്നിവയും തൊഴില്‍ രംഗത്തെ പുതിയ പ്രതീക്ഷകളായിക്കഴിഞ്ഞു. ഈ മേഖലകളിലെ ജോലി അവസരവും വരും വര്‍ഷങ്ങളില്‍ കുത്തനെ ഉയരുമെന്ന് അസോചം ചൂണ്ടിക്കാട്ടുന്നു.
വ്യോമയാന മേഖലയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 ശതമാനം തൊഴിലവസരങ്ങള്‍ കൂടി വര്‍ധിക്കും. നിലവില്‍ 270 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ വരുംവര്‍ഷങ്ങളില്‍ അത് 400ല്‍ അധികമാകും. അസോചമിന്‍റെ കണക്കുകളനുസരിച്ച് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി 75 പുതിയ ഹോട്ടലുകളാണ് വരാന്‍ പോകുന്നത്.
ഇവിടെ ആറുവര്‍ഷത്തിനിടയില്‍ 95,000 ത്തോളം തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നു. അന്താരാഷ്ട്ര ഉത്‌പന്നങ്ങള്‍ വില്‍ക്കാനായി ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും പട്ടണങ്ങളിലും പുതിയ മാളുകള്‍ തുടങ്ങുകയാണ്. വിദേശ മാധ്യമ കമ്പനികളും കൂടുതല്‍ ശമ്പളത്തിന് തൊഴിലവസരങ്ങളുമായി മുന്നോട്ടുവരുന്നു.
ഇന്ത്യയില്‍ എഫ്.എം. റേഡിയോ ചാനലുകളിലുണ്ടായ വര്‍ധനയും യുവാക്കളുടെ തൊഴില്‍ രംഗത്തെ പുതിയ മാറ്റത്തിന് കാരണമായി.