ഫോട്ടോഗ്രാഫി മികച്ച തൊഴില്‍ മേഖല

Webdunia
ചൊവ്വ, 1 ജനുവരി 2008 (13:05 IST)
PRDPRD
സൌന്ദര്യ ബോധം, മത്സര ബുദ്ധി, വേഗത തുടങ്ങിയ കഴിവുകള്‍ ഉള്ളവര്‍ക്ക് ശോഭിക്കാന്‍ പറ്റുന്ന മേഖലയാണ് ഫോട്ടോഗ്രാഫി. ചിത്രകല പോലെ തന്നെ ഫോട്ടോഗ്രാഫിയും ഒരു ക്രിയേറ്റീവ് ആര്‍ട്ടാണ്.

പിന്‍ ഹോള്‍ ക്യാമറ യുഗത്തില്‍ നിന്നും ഡിജിറ്റല്‍ ക്യാമറാ യുഗത്തിലേക്കുള്ള മാറ്റം ഏറെ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പത്ര സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍, ടെലിവിഷന്‍, സിനിമാ പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെ തൊഴിലവസരങ്ങള്‍ക്കൊപ്പം ഫീലാന്‍സിംഗും വളരെ വ്യാപകമായ പ്രൊഫഷനാണ്.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലെ പല വകുപ്പുകളിലും ഫോട്ടോഗ്രാഫര്‍ തസ്തികകളുണ്ട്. പ്രസ് ഫോട്ടോ ഗ്രാഫി അഥവാ ഫോട്ടോ ജേണലിസം, ഫീച്ചര്‍ ഫോട്ടോഗ്രാഫി, എഡിറ്റോറിയല്‍ ഫോട്ടോഗ്രാഫി, കമേര്‍സ്യല്‍/ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രാഫി, ഫാഷന്‍ ഫോട്ടോഗ്രാഫി, അഡ്‌വര്‍ടൈസിംഗ് ഫോട്ടോഗ്രാഫി എന്നിങ്ങനെ ഫോട്ടോഗ്രാഫിയെ പലതരത്തില്‍ തിരിക്കാവുന്നതാണ്.

ഫോട്ടോഗ്രാഫിയുടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്ത് മികച്ച കരിയറിലേക്ക് ഉയരാനുള്ള സാധ്യതകളിന്നുണ്ട്. ഇതില്‍ ഫാഷന്‍ ഫോട്ടോഗ്രാഫിക്ക് വലിയ മാര്‍ക്കറ്റാണ് ഇന്നുള്ളത്. ഫോട്ടോഗ്രാഫി രംഗത്ത് പരിശീലനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായുണ്ട്.

ഫുള്‍ടൈം കോഴ്സുകള്‍ക്ക് യോഗ്യതാ നിബന്ധനകളില്ലെങ്കിലും ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ബിരുദ പഠനങ്ങള്‍ക്കൊപ്പം പാര്‍ട്ട് ടൈം കോഴ്സായി പഠിക്കുകയാണ് അഭികാമ്യം. ഫൈന്‍ ആര്‍ട്സ് ബിരുദകോഴ്സുകളുടെ ഓപ്ഷണല്‍ വിഷയമായും ബി.എയ്ക്ക് ഐച്ഛിക വിഷയമായും സബ്സിഡിയറിയായും ഫോട്ടോഗ്രാഫി പഠിക്കാം.

നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍.ഐ.എഫ്.റ്റി)യുടെ ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ സെന്‍ററുകളില്‍ രാജ്യാന്തര നിലവാരമുള്ള പരിശീലനം നല്‍കുന്നുണ്ട്.