പേരെടുക്കാന്‍ അഭിഭാഷകവൃത്തി

Webdunia
വെള്ളി, 18 ഏപ്രില്‍ 2008 (17:15 IST)
PROPRO
പൊതുജീവിതത്തില്‍ പേരും പെരുമയും നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് അഭിഭാഷക വൃത്തി. സമൂഹത്തില്‍ നിലയും വിലയും നേടിയെടുക്കാ‍ന്‍ നല്ലൊരു അഭിഭാഷകന് സാധിക്കും.

അഭിഭാഷക വൃത്തിക്ക് പുറമേ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലും നിയമബിരുദധാരികള്‍ക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. വ്യക്തിഗത അഭിരുചിയും സ്ഥിരോത്സാഹവും പ്രയത്നശേഷിയും നല്ല ഒരു അഭിഭാഷകനാവാന്‍ വേണ്ട ഘടകങ്ങളാണ്. പ്രശസ്തമായ രീതിയില്‍ നിയമപഠന കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

കേരളത്തില്‍ ഒമ്പത് നിയമ പഠന കേന്ദ്രങ്ങളാണുള്ളത്. ത്രിവത്സര, പഞ്ചവത്സര കോഴുസുകളാണ് ഇവിടെ നടത്തുന്നത്. പ്ലസ് ടുവിന് 44.5 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്ക് പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷയുടെ പ്രവേശന പരീക്ഷയെഴുതാം. ബിരുദധാരികള്‍ക്ക് ഫുള്‍ടൈം ത്രിവത്സര എല്‍.എല്‍.ബിക്ക് ചേരാം. ഇതിന് പ്രവേശന പരീക്ഷയില്ല.

അപേക്ഷകര്‍ ബിരുദാനന്തര ബിരുദധാരികളാണെങ്കില്‍ രണ്ട് ശതമാനം മാര്‍ക്ക് വെയിറ്റേജായി ലഭിക്കും. സ്ഥിരം ജോലിയുള്ളവര്‍ക്ക് പാര്‍ട്ട് ടൈം ഈവനിംഗ് കോഴ്സില്‍ ചേര്‍ന്ന് അഭിഭാഷക പഠനം നടത്താം. കൊച്ചിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ലോ കോളജുകള്‍ എന്നിവ മികച്ച സ്ഥാപനങ്ങളാണ്.

കൂടാതെ തലശേരിയിലെ സെന്‍റര്‍ ഫോര്‍ ലീഗല്‍ സ്റ്റഡീസ്, തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഡിപ്പാ‍ര്‍ട്ട്‌മെന്‍റ് ഓഫ് ലോ, തിരുവനന്തപുരം ലോ അക്കാദമി, കോട്ടയത്തെ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗ് തോട്ട് എന്നിവിടങ്ങളിലും നിയമപഠനം നടക്കുന്നുണ്ട്.

ഹയര്‍ സെക്കന്‍ററിയോ തത്തുല്യ പരീക്ഷയോ അമ്പത് ശതമാനത്തില്‍ കുറയാതെ പാസായ ഇരുപത് വയസ്സിന് താഴെയുള്ളവര്‍ക്ക് ബി.എ.ബി.എല്‍ കോഴ്സിന് ചേരാം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അമ്പത് പേര്‍ക്കാണ് പ്രവേശനം. പത്ത് സീറ്റുകളില്‍ വിദേശ പൌരന്മാര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും.

സാധാരണ മാര്‍ച്ച് മാസത്തിലാണ് ഈ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. മെയ് മാസത്തിലാണ് പ്രവേശന പരീക്ഷ. കൊച്ചിയിലും പരീക്ഷാ കേന്ദ്രമുണ്ടായിരിക്കും. ബി.എ.ബി.എല്‍ കോഴ്സ് അമ്പത് ശതമാനം മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക് എല്‍.എല്‍.എം കോഴ്സിന് അപേക്ഷിക്കാം.

ഇത് അമ്പത് ശതമാനം മാര്‍ക്കോട് വിജയിച്ചാല്‍ എംഫില്ലിന് അപേക്ഷിക്കാം.