വയസ്സ്‌കാലത്ത് ഇനിയെന്ത് പഠനം! അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. ഓസ്ട്രേലിയയിലെ ഒരു മുത്തശ്ശി പഠനത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ഫില്ലിസ് ടര്‍ണര്‍ മനുഷ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് തൊണ്ണൂറ്റിനാലാം വയസ്സിലാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കാമെന്ന് തന്‍റെ ബിരുദ നേട്ടത്തിലൂടെ ഫില്ലിസ് തെളിയിച്ചിരിക്കുകയാണ്.
ഇതോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സ്ത്രീ എന്ന ബഹുമതിക്ക് ഫില്ലിസ് ടര്‍ണര്‍ അര്‍ഹയായിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയപ്പോള്‍ കുടുംബം പോറ്റാന്‍ അമ്മയെ സഹായിക്കാനായാണ് ഫില്ലിസ് പ്രാഥമിക വിദ്യാഭ്യാസം ഉപേക്ഷിച്ചത്.
1978 ല്‍ മെഡിക്കല്‍ സയന്‍സില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം ഏതാണ്ട് ആറ് ദശാബ്ധക്കാലം ഫില്ലിസിന്‍റെ ജീവിതത്തിന് ഇടവേളയായിരുന്നു. തുടര്‍ന്ന് തൊണ്ണൂറാമത്തെ വയസ്സില്‍ അഡലൈഡ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു.
പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ ഫില്ലിസ് ലോകത്തെ ഏറ്റവും പ്രായം കൂടിയ ബിരുദാനന്തര ബിരുദധാരിയായി മാറി. കഴിഞ്ഞ ദിവസം സര്‍വ്വകലാശാല ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇനിയും പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ആരോഗ്യം അതിന് അനുവദിക്കുന്നില്ലെന്ന് ഫില്ലിസ് പറയുന്നു.