ഒമാനില്‍ സ്വദേശികള്‍ക്ക് തൊഴില്‍സാധ്യത കൂടുതല്‍

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2007 (17:23 IST)
ഒമാനിലെ സ്വകാര്യ മേഖലകളില്‍ സ്വകാര്യ വത്ക്കരണം വന്‍ വിജയമാണെന്ന് ഒമാന്‍ മാനവവിഭവ മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ അരലക്ഷത്തിലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്.

എല്ലാ മേഖലകളിലും വിദ്യാസമ്പന്നരായ ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു. ദേശീ‍യ തൊഴില്‍ ശക്തിയില്‍ ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ 2007 നവംബര്‍ 18 വരെ 55,694 സ്വദേശികള്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് മന്താലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1695 ബിരുദധാരികളും 1945 ഡിപ്ലോമകാരികളും 19, 494 സെക്കന്‍ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുള്ള ഒമാന്‍ സ്വദേശികളും എണ്ണ വാതക മേഖല, സാമ്പത്തികം, വിനോദ സഞ്ചാരം, നിര്‍മ്മാണ മേഖല തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്ത് വരുന്നു.

മറ്റ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ വളരെ സ്ഥിരതയോടും അച്ചടക്കത്തോടും കൂടി സ്വദേശിവത്ക്കരണം ഒമാനിലെ സ്വാകാര്യ സ്ഥാപങ്ങളില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ ഒമാനിലെ വ്യവസായ സമൂഹം പ്രശംസിച്ചു.

സാമ്പത്തിക സേവന മേഖലയായ സെയില്‍, ഡിസ്ട്രിബ്യൂഷന്‍, നിര്‍മ്മാണം, പ്രകൃതിവാതകം എന്നിവിടങ്ങളില്‍ ഒമാന്‍ സ്വദേശികള്‍ക്ക് തൊഴിലവസരം വളരെയധികമാണെന്നും തൊഴിലന്വേഷകര്‍ ഒമാ‍നിലുടനീളം 19 കേന്ദ്രങ്ങളിലായി തുറന്നിരിക്കുന്ന മാനവ വിഭവ മന്ത്രാലയ ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.