ഉന്നതവിദ്യഭ്യാസം: സൌദി സംഘം ഇന്ത്യയില്‍

Webdunia
വ്യാഴം, 20 സെപ്‌റ്റംബര്‍ 2007 (15:51 IST)
FILEFILE
സര്‍വകലാശാലതലത്തില്‍ ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി സൌദി സംഘം ഡല്‍ഹിയിലെത്തി. സര്‍വകലാശാല തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകുന്ന സഹകരണത്തെക്കുറിച്ച്‌ സംഘം ഇന്ത്യന്‍ അധികൃതരുമായി കൂടിയാലോചിക്കും.

സൗദിയിലെ പ്രമുഖ സര്‍കലാശാലയായ കിംഗ്‌ സഊദ്‌ യൂണിവേഴ്‌സിറ്റിയിലെയും സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെയും പ്രമുഖരാണ്‌ കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയത്‌. ഡോ. സഈദ്‌ അല്‍ഈദാന്‍റെ നേതൃത്വത്തിലുള്ള സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയ സംഘം സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സഹകരണത്തെക്കുറിച്ച്‌ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളുമായി ചര്‍ച്ച നടത്തും.

വിദ്യാഭ്യാസ രംഗത്തെ കഴിവുകള്‍ പരസ്‌പരം പങ്കുവയ്ക്കുക എന്ന ലക്‌ഷ്യത്തോടെ സൗദിയിലെയും ഇന്ത്യയിലെയും സര്‍വകലാശാലകള്‍ തമ്മില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും താല്‍കാലികമായി പരസ്‌പരം നിയമിക്കുന്നതിനെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്യും.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്‍റെ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന്‌ സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ്‌ അല്‍അല്‍ഖരി ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്‌തു.

സര്‍വകലാശാല രംഗത്തെ സഹകരണത്തിന്‍റെ ഭാഗമായി അബ്ദുല്ല രാജാവിന്‍റെ പേരില്‍ ന്യു ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ സെന്‍റര്‍ ഏതാനും ദിവസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു.