റയില്‍ ബജറ്റ് സങ്കല്‍പ്പം അടിസ്ഥാനമാക്കി: ബിജെപി

ശനി, 4 ജൂലൈ 2009 (18:23 IST)
റയില്‍‌വെ ബജറ്റ് അയഥാര്‍ത്ഥവും സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കിയുള്ളതും ആണെന്ന് ബിജെപി. സുരക്ഷയും വികസനവും പോലെയുള്ള പ്രധാന കാര്യങ്ങള്‍ മമത അവഗണിച്ചു എന്നും പാര്‍ട്ടി ആരോപിച്ചു.

ഒരു മാന്ത്രിക കഥ കേള്‍ക്കുന്നത് പോലെയാണ് ബജറ്റ് അവതരണം ശ്രദ്ധിച്ചത് എന്ന് ബിജെപിയുടെ ലോക്സഭാ ഉപനേതാവ് സുഷമ സ്വരാജ് പറഞ്ഞു. ബജറ്റില്‍ അടിസ്ഥാനസൌകര്യ വികസനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയിട്ടില്ല എന്നും സുഷമ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള നോണ്‍ സ്റ്റോപ് ട്രെയിനില്‍ ആവശ്യത്തിനുള്ള യാത്രക്കാരെ ലഭിക്കുമോ എന്നും ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, ടിടി‌ഇ എന്നിവരെ മാറ്റാനായി ട്രെയിന്‍ നിര്‍ത്താന്‍ സാധ്യതയുണ്ടോ എന്നും 48 മണിക്കൂറും ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനം ട്രെയിനില്‍ ഉണ്ടായിരിക്കുമോ എന്നും സുഷമ ചോദിച്ചു.

വനിതകള്‍ക്കും യുവജനതയ്ക്കും പ്രത്യേക ട്രെയിന്‍ അനുവദിച്ചതും അസംഘടിത മേഖലയിലെ ആളുകള്‍ക്ക് 25 രൂ‍പ നിരക്കില്‍ പാസ് അനുവദിക്കാനുള്ള തീരുമാനവും ബിജെപിയുടെ പേരില്‍ സ്വാഗതം ചെയ്യുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

ബിജെപി രാജ്യസഭാ നേതാവ് അരുണ്‍ ജയ്റ്റ്‌ലിയും ബജറ്റിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. ബജറ്റിന് ദീര്‍ഘ വീക്ഷണം ഇല്ല. കഴിഞ്ഞ ആറ് റയില്‍‌വെ ബജറ്റുകളിലും ലോകനിലവാരത്തിലുള്ള സ്റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇതുവരെയായും ഒന്നുപോലും നിലവില്‍ വന്നില്ല എന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക