പാതയിരട്ടിപ്പിക്കലിന് 85 കോടി

വെള്ളി, 3 ജൂലൈ 2009 (16:13 IST)
കേന്ദ്ര റെയില്‍‌വേ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിലെ റെയില്‍പ്പാതകളുടെ വികസനത്തിനും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനും കൂടുതല്‍ തുക വകയിരുത്തി. രണ്ട് പുതിയ പാതകള്‍ അനുവദിച്ചതിന് പുറമേ ആറ് പാതകളുടെ ഇരട്ടിപ്പിക്കലിന് മാത്രമായി 85 കോടി രൂപ അനുവദിച്ചു.

മുളന്തുരുത്തി - കുറുപ്പന്തറ (16 കോടി), കുറുപ്പന്തറ - ചിങ്ങവനം (15 കോടി), ചെങ്ങന്നൂര്‍ - ചിങ്ങവനം (26), അമ്പലപ്പുഴ - ഹരിപ്പാട്‌ (10 കോടി), ചേപ്പാട് ‌- ഹരിപ്പാട്‌ (8 കോടി), മാവേലിക്കര - ചെങ്ങന്നൂര്‍ (10 കോടി) എന്നിങ്ങനെയാണ്‌ തുക അനുവദിച്ചത്‌.

ഇതിന് പുറമേ കോഴിക്കോട് മംഗലാപുരം പാതയുടെ നവീകരണത്തിന് നാല് കോടി രൂപയും തിരുവനന്തപുരം ലെവല്‍ ക്രോസുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3.62 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഉപ്പള, മഞ്ചേശ്വരം ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് 95 കൊടി, ഇടമണ്‍, പുനലൂര്‍ ഓവര്‍ബ്രിഡ്ജുകള്‍ക്ക് 45 കോടി എന്നിവയാണ് മറ്റ് രണ്ട് പ്രധാന നിര്‍ദ്ദേശങ്ങള്‍.

വെബ്ദുനിയ വായിക്കുക