അടിസ്ഥാന ആവശ്യങ്ങള്‍ ബാക്കി: വിജയകുമാര്‍

വെള്ളി, 3 ജൂലൈ 2009 (16:37 IST)
കേരളത്തിന് റയില്‍വേ ബജറ്റില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചെങ്കിലും സംസ്ഥാനത്തിന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അവശേഷിക്കുകയാണെന്ന് മന്ത്രി എം വിജയകുമാര്‍. ഒരു സ്വകാര്യവാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്‍റെ ചില ആവശ്യങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അത് സ്വാഗതം ചെയ്യുന്നു. എന്നാല്‍, സംസ്ഥാനത്തിന്‍റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ അവശേഷിക്കുകയാണ്. റയില്‍വേ സോണിനായിരുന്നു കേരളം മുന്‍ഗണന കൊടുത്തിരുന്നത്. എന്നാല്‍, അത് ലഭിച്ചില്ല.

ബജറ്റിനു മുമ്പായി ഒരു മുന്‍ഗണനാ പട്ടിക കേന്ദ്രത്തിന് നല്‍കിയിരുന്നു. ഇതിലെ ചില കാര്യങ്ങള്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. കേരളത്തിന്‍റെ റയില്‍വേ ആവശ്യങ്ങള്‍ ശാശ്വതമായി നടപ്പാക്കണമെങ്കില്‍ അടിസ്ഥാനപരമായി ഒരു സോണ്‍ അനുവദിക്കുകയാണ് വേണ്ടത്.

റയില്‍വേ ബജറ്റില്‍ തുക അനുവദിക്കുന്നത് സോണുകള്‍ക്കാണ്, ഡിവിഷനുകള്‍ക്കല്ല. കേരളത്തില്‍ ആകെ രണ്ട് ഡിവിഷനുകള്‍ മാത്രമാണ് ഉള്ളത്. പലപ്പോഴും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ സോണിന് അനുവദിക്കപ്പെടുന്ന തുക വകമാറ്റി ചെലവഴിക്കപ്പെടുകയാണെന്നും വിജയകുമാര്‍ കുറ്റപ്പെടുത്തി. കൂടാതെ, സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളായ പാത ഇരട്ടിപ്പിക്കുക, വൈദ്യുതീകരിക്കുക, കോച്ച് ഫാക്ടറി തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക