സാമ്പത്തിക കമ്മി രണ്ടക്കം കടക്കില്ല: ആലുവാലിയ

വെള്ളി, 3 ജൂലൈ 2009 (16:31 IST)
സര്‍ക്കാരിന്‍റെ കടമെടുക്കല്‍ നടപടി പലിശ നിരക്ക് കുറയുന്നതിന് തടസമാവുമെന്ന ബാങ്കുകളുടെ ആശങ്ക അസ്ഥാനത്താണെന്ന് പ്ലാനിംഗ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തിക കമ്മി ഉയരുമെങ്കിലും അത് ഒരിക്കലും രണ്ടക്കത്തിലെത്തുകയില്ലെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടെക് സിംഗ് ആലുവാലിയ പറഞ്ഞു.

മൊത്ത ചെലവുകളും വരവും തമ്മിലുള്ള വ്യത്യാസമാണ് സാമ്പത്തിക കമ്മി കൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്‍റെ കടമെടുക്കല്‍ നടപടികളുടെ സൂചന കൂടിയായിരിക്കും ഇത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമ്പത്തിക കമ്മി ഉയരാന്‍ കാരണമായി. 2008-09 സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ആറ് ശതമാനമായാണ് സാമ്പത്തിക കമ്മി ഉയര്‍ന്നത്. 2.5 ശതമാനമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

ലോക രാഷ്ട്രങ്ങളില്‍ സാമ്പത്തിക കമ്മി കൂടുതല്‍ ഉയര്‍ന്നതാണെന്ന് പറഞ്ഞ ആലുവാലിയ യുഎസിലും യുകെയിലും 10 - 11 ശതമാനം ആണ് സാമ്പത്തിക കമ്മിയെന്ന് ചൂണ്ടിക്കാട്ടി. വിദേശ നിക്ഷേപം ഉയര്‍ന്നാല്‍ പലിശ നിരക്ക് ഉയര്‍ത്താതെ തന്നെ ഉയര്‍ന്ന സാമ്പത്തിക കമ്മി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക