പൊതു ബജറ്റ് ജൂലൈ ആറിന്

വെള്ളി, 3 ജൂലൈ 2009 (16:32 IST)
പാര്‍ലമെന്‍റിന്‍റെ ആദ്യ ബജറ്റ് സെഷന്‍ ജൂലൈ രണ്ടിന് ആരംഭിക്കും. 2009-10 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് ജൂലൈ ആറിന് ലോക്സഭയില്‍ അവതരിപ്പിക്കും.

ഇന്ന് രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് ബജറ്റ് അവതരണം സംബന്ധിച്ച അന്തിമ തീരുമാനമായത്. റെയില്‍വേ ബജറ്റ് ജൂലൈ മൂന്നിന് റെയില്‍വേ മന്ത്രി മമത ബാനര്‍ജി അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ അവതരണത്തോടെയായിരിക്കും ജൂലൈ രണ്ടിന് ബജറ്റ് സെഷന്‍ ആരംഭിക്കുക. ഓഗസ്റ്റ് ഏഴ് വരെയായിരിക്കും ബജറ്റ് സെഷന്‍.

വോട്ട് ഓണ്‍ അക്കൌണ്ട് ഒഴിവാക്കുന്നതിന് വേണ്ടി ജൂലൈ 31നകം ബജറ്റ് പാസാക്കിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സര്‍വേ, റെയില്‍വേ ബജറ്റ്, പൊതു ബജറ്റ് എന്നിവയ്ക്ക് ശേഷം വിവിധ മന്ത്രാലയങ്ങളുടെ ആവശ്യങ്ങളിന്‍മേലും ബജറ്റിന്‍മേലുമുള്ള ചര്‍ച്ച നടക്കും.

വെബ്ദുനിയ വായിക്കുക