രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭയില്‍ രാവിലെ 11 മണിക്ക് ആയിരിക്കും ധനമന്ത്രി പ്രണാബ് മുഖര്‍ജി തന്റെ നാലാം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.
പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനും കഴിവതും ജനപ്രിയമായ ബജറ്റ് അവതരിപ്പിക്കാനും ആയിരിക്കും യുപിഎ സര്‍ക്കാര്‍ ശ്രമിക്കുക. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഉണ്ടായ സാഹചര്യം മറികടക്കാനുള്ള ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നും കരുതുന്നു. വളര്‍ച്ചാ നിരക്കില്‍ വന്ന കുറവ് മറികടക്കാനുള്ള നടപടികളും പ്രഖ്യാപനമുണ്ടായേക്കും.
കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതിക്കും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാവും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന പ്രാവര്‍ത്തികമാക്കിയേക്കും.
നികുതി മേഖലയിലെ സമൂല പരിഷ്കരണം, സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രോത്സാഹനം, സബ്സിഡികളും സര്‍ച്ചാര്‍ജ്ജുകളും നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കയറ്റുമതിയില്‍ പ്രോത്സാഹനം നല്‍കുന്ന നടപടികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു. മാസശമ്പളക്കാര്‍ക്ക് ആദായ നികുതി ഇനത്തില്‍ ഇളവ് നല്‍കിയേക്കാം.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില്‍ 25 കിലോഗ്രാം അരിയോ ഗോതമ്പോ നല്‍കുന്ന പദ്ധതി ഉള്‍പ്പെടെ ജനപ്രിയ പദ്ധതികള്‍ക്കുള്ള പ്രഖ്യാപനം ഉണ്ടായിരിക്കും. അടിസ്ഥാന സൌകര്യവികസനം, ഭവന നിര്‍മ്മാണം എന്നീ മേഖലകളില്‍ ആകര്‍ഷകമായ പദ്ധതി പ്രഖ്യാപനങ്ങളും ഉണ്ടായേക്കാമെന്നും പ്രതീക്ഷിക്കുന്നു.