ആസ്‌ത്മ കണ്‌ടെത്താന്‍ ലേസര്‍ വിദ്യ

Webdunia
ബുധന്‍, 20 ഫെബ്രുവരി 2008 (18:51 IST)
PTIPTI
ശ്വാസകോശത്തെ ബാധിക്കുന്ന ആസ്‌ത്മ, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്‌ടെത്താന്‍ സഹായിക്കുന്ന ലേസര്‍ സാങ്കേതിക വിദ്യ കണ്‌ടെത്തി. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ്‌ ടെക്‌നോളജിയുടേയും(എന്‍ ഐ എസ്‌ ടി) യൂണിവേഴ്‌സിറ്റി ഓഫ്‌ കൊളറാഡോയുടേയും സംയുക്‌ത സ്‌ഥാപനമായ ജോയിന്‍റ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ലബോറട്ടറി ആസ്‌ട്രോഫിസിക്‌സിലെ (ജെ ഐ എല്‍ എ) ഒരുസംഘം ശാസ്‌ത്രജ്‌ഞന്‍മാരാണ്‌ പുതിയ സാങ്കേതികവിദ്യ കണ്‌ടെത്തിയത്.

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ശ്വാസത്തിലടങ്ങിയിരിക്കുന്ന രോഗകാരികളായ കണികകളെ ലേസര്‍ സഹായത്തോടെ എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജുന്‍ യെ പറഞ്ഞു.

നിരവധി വിദ്യാര്‍ഥികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ശ്വാസത്തില്‍ അമോണിയ, കാര്‍ബണ്‍ മോണോക്‌സൈഡ്‌, മീഥൈന്‍ എന്നിവയുടെ കണികകള്‍ അടങ്ങിയിരിക്കുന്നതായി കണ്‌ടെത്താന്‍ കഴിഞ്ഞു. പുകവലിക്കുന്നവരുടെ ശ്വാസത്തിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്‍റെ അളവ്‌ മറ്റുള്ളവരുടേതിനെ അപേക്ഷിച്ച്‌ അഞ്ചിരട്ടിയാണെന്നും കണ്‌ടെത്തി.

ലേസര്‍ രശ്‌മികള്‍ നിരവധി തവണ പ്രതിഫലിക്കപ്പെടുന്ന, രണ്ടു കണ്ണാടികള്‍ കൊണ്ടു സജ്‌ജമാക്കിയ ഒപ്‌റ്റിക്കല്‍ കാവിറ്റി സംവിധാനത്തിലൂടെ കടന്നുപോകുന്ന ശ്വാസവായുവിലെ ഓരോ കണികകളും രശ്‌മികളുമായി കൂട്ടിയിടിക്കുന്നു. ഇത്തരത്തില്‍ കാവിറ്റിയുടെ അകത്തേക്കു കടത്തിവിടുന്നതും പുറത്തേക്കു വരുന്നതുമായ ലേസര്‍ രശ്‌മി പരിശോധിച്ചാല്‍ ശ്വാസത്തിലടങ്ങിയിരിക്കുന്ന കണികകളെ കണ്‌ടെത്താം. ചെലവുകുറഞ്ഞ ചികില്‍സാരീതിയെന്ന നിലയില്‍ ശ്രദ്ധേയമായ കണ്‌ടെത്തലാണിതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ അഭിപ്രായപ്പെട്ടു.