ആസ്ത്മ: ചികിത്സിച്ചില്ലെങ്കില്‍ അപകടം

Webdunia
ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ആസ്ത്മ ഉള്ളവരില്‍ ശ്വാസകോശത്തിലേക്ക് വായു കൊണ്ടു പോകുന്ന ശ്വാസനാളങ്ങള്‍ക്ക് വീക്കം ഉണ്ടാകുന്നു .വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക് വളരെ സംവേദന ശേഷി ഉണ്ടാകുകയും അലര്‍ജി ഉണ്ടാകുന്ന വസ്തുക്കളോട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.

ഇതുമൂലം ശ്വാസനാളങ്ങള്‍ ചുരുങ്ങുകയും വായു സഞ്ചാരത്തിന് തടസം നേരിടുകയും ചെയ്യുന്നു.തുടര്‍ന്ന് ശ്വസിക്കുമ്പോള്‍ ശബ്ദം ഉണ്ടാകുകയും, ചുമയും നെഞ്ച് വേദനയും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും.

ആസ്ത്മ ഭേദമാക്കാനാകില്ല.എന്നാല്‍,മിക്ക ആസ്തമ രോഗികള്‍ക്കും അസുഖം നിയന്ത്രിച്ച് നിര്‍ത്താനാകും.അതുവഴി സാധാരണ ജീവിതം നയിക്കാനുമാകും.

ഒരു വ്യക്തിയില്‍ ആസ്ത്മയുടെ ലക്ഷണം വര്‍ദ്ധിച്ചു വരികയാണെങ്കില്‍ ശ്വാസനാളങ്ങള്‍ക്ക് ചുറ്റുമുള്ള മാംസപേശികള്‍ കട്ടിയാകുകയും അതു വഴി വായു സഞ്ചാരത്തിന് പ്രയാസമനുഭവപ്പെടുകയും ചെയ്യും.ശ്വാസനാളങ്ങള്‍ക്ക് കൂ‍ടുതല്‍ വീക്കം അനുഭവപ്പെടുകയും ഇടുങ്ങിയതാകുകയും ചെയ്യും.

ആസ്തമ രോഗം എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല.ചിലര്‍ക്ക് രോഗം തീവ്രമായിരിക്കും.തീവ്രമായ രോഗാവസ്ഥ ഉണ്ടാകുമ്പോള്‍ സുപ്രധാന അവയവങ്ങള്‍ക്ക് ആവശ്യമാ‍യ ഓക്സിജന്‍ പോലും കിട്ടാത്ത അവസ്ഥയുണ്ടാകാം.മരണം വരെ സംഭവിക്കാം.

ആസ്ത്മ ഉള്ളവര്‍ ഡോക്ടറെ പതിവായി കാണേണ്ടതുണ്ട്. എന്തു കൊണ്ടാണ് ആസ്ത്മ ഉണ്ടാകുന്നതെന്നും എങ്ങനെ പരിഹരിക്കാമെന്നും അറിയേണ്ടതുണ്ട്.അസ്ത്മ നിയന്ത്രിച്ച് നിര്‍ത്താനാവശ്യമായ മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിക്കും.