കരമന അനന്യമായ അഭിനയ ശൈലി

WDWD
എലിപ്പത്തായത്തിലെ ഉണ്ണി- മരണം വരെ വേറൊരു കഥാപാത്രത്തെയും ചെയ്തില്ലെങ്കിലും സാരമില്ല എന്ന് കരമന ജനാര്‍ദ്ദനന്‍ നായര്‍ ര്‍ക്കു തോന്നിയ സിനിമയാണ് എലിപ്പത്തായം. എലിപ്പത്തായത്തിലൂടെ കരമനയെന്ന നടനെ മലയാളി നെഞ്ചേറ്റി.

2000 ഏപ്രില്‍ 24 ന് മരിക്കുമ്പോള്‍ മറ്റാര്‍ക്കും അഭിനയിച്ച് ഫലിപ്പിക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞിരുന്നു കരമന ജനാര്‍ദ്ദനന്‍ നായര്‍.

1937 മാര്‍ച്ച് ഇരുപത്തിനാലാം തീയതി തിരുവനന്തപുരത്ത് കരമന കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി ജനാര്‍ദ്ദനന്‍ നായര്‍ ജനിച്ചു.

ബി.എ. പാസ്സായ ശേഷം തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് നിയമബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

പഠന കാലത്തുതന്നെ ആകാശവാണിയിലും റേഡിയോ നാടക പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. പിന്നെ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസില്‍ ജോലി കിട്ടി.

ആ കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിന്‍റെ രാജ്യം വരുന്നു, വൈകിവന്ന വെളിച്ചം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചത്. നാടകത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നു തോന്നിയ കരമന ഡല്‍ഹിയിലെ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയി.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത "മിത്ത് ' എന്ന ലഘു ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. കരമന സിനിമയില്‍ പ്രവേശിച്ചത് ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ സ്വയംവരത്തിലുടെയാണ്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് എലിപ്പത്തായത്തിലൂടെയാണ്.

മതിലുകള്‍, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, ജനുവരി ഒരോര്‍മ്മ, മറ്റൊരാള്‍, പൊന്‍മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.

ഭാര്യ ജയ ജെ. നായര്‍, മക്കള്‍ സുനില്‍, സുധീര്‍, സുജയ്.

വെബ്ദുനിയ വായിക്കുക