നരേന്‍ ചതിക്കപ്പെട്ടു?

ചൊവ്വ, 20 ഏപ്രില്‍ 2010 (14:33 IST)
PRO
മലയാളത്തിലും തമിഴിലും മാറിമാറി ഭാഗ്യം പരീക്ഷിക്കുന്ന നടനാണ് നരേന്‍. ഇടയ്ക്കിടെ ചില വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നരേന്‍ അത്ഭുതം സൃഷ്ടിക്കാറുണ്ട്. അഞ്ചാതെ, റോബിന്‍‌ഹുഡ് തുടങ്ങിയവ ഉദാഹരണം. യുവനിരയിലെ മികച്ച നടനെന്ന പേരുനേടിയിട്ടും വേണ്ടത്ര അവസരങ്ങള്‍ നരേനെ തേടി എത്തിയിട്ടില്ല.

തമ്പിക്കോട്ടൈ, പൂക്കട രവി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് നരേന്‍ ഇപ്പോള്‍. അതിനിടെയിലാണ് ഒരു വമ്പന്‍ മലയാളചിത്രത്തിലേക്ക് നരേന് ക്ഷണം ലഭിച്ചത്. മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിക്കുന്ന ‘കാണ്ഡഹാര്‍’ എന്ന മേജര്‍ രവി ചിത്രത്തിലേക്കായിരുന്നു ക്ഷണം. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയപ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് മേജര്‍ രവി ഫോണിലൂടെ നരേനെ ക്ഷണിച്ചത്.

ആഹ്ലാദത്തോടെയാണ് നരേന്‍ ആ ക്ഷണം സ്വീകരിച്ചത്. മോഹന്‍ലാലിനോടും അമിതാഭ് ബച്ചനോടുമൊപ്പം ഒരു മലയാള ചിത്രം. അത് തന്‍റെ ഭാഗ്യദോഷമെല്ലാം തീര്‍ക്കുമെന്ന് നരേന്‍ കരുതി. കരാറില്‍ ഒപ്പിടുവിച്ച് അഡ്വാന്‍സ് നല്‍കാന്‍ ഒരാളെ അയയ്ക്കാമെന്ന് നരേനോട് മേജര്‍ പറഞ്ഞു. ജൂണില്‍ കാണ്ഡഹാറിന്‍റെ ഷൂട്ടിംഗിനായി തന്‍റെ മറ്റു ചിത്രങ്ങള്‍ എല്ലാം നരേന്‍ മാറ്റിവച്ചു.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാണ്ഡഹാറിന്‍റെ ഭാഗമാകാന്‍ റെഡിയായിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത നരേന്‍ അറിഞ്ഞത്. കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ സൂര്യ അഭിനയിക്കാനിരുന്ന വേഷത്തില്‍ ഹിന്ദി സൂപ്പര്‍താരം സുനില്‍ ഷെട്ടി അഭിനയിക്കുന്നു. അതായത്, തനിക്ക് പറഞ്ഞുവച്ചിരുന്ന വേഷം!

ഇക്കാര്യം മേജര്‍ രവി ഒന്നു വിളിച്ചുപറയുക പോലും ചെയ്തില്ലത്രേ. നരേന്‍ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. ക്ഷണിച്ചു വരുത്തി ഇലയിട്ടിട്ട് ഊണില്ലെന്നു പറയുന്നതുപോലെയായി കാര്യങ്ങള്‍. എന്തായാലും ആരോടും പരാതി പറയാതെ തന്‍റെ ദുഃഖം ഉള്ളിലൊതുക്കുകയാണ് നരേന്‍.

വാല്‍ക്കഷണം: ഫോണില്‍ക്കൂടി ക്ഷണിച്ചതല്ലേയുള്ളൂ. കരാര്‍ ഒപ്പിട്ട് അഡ്വാന്‍സും നല്‍കി 25 ദിവസത്തെ ഡേറ്റും ബ്ലോക്ക് ചെയ്തശേഷം മഹാരഥനായ തിലകനെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും ഒഴിവാക്കി. അതൊക്കെ വച്ചുനോക്കിയാല്‍ ഇതൊരു വലിയ കാര്യമാണോ മാഷേ?

വെബ്ദുനിയ വായിക്കുക