രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം.
സംസ്കൃതത്തില്‍ ‘മയൂര്‍’ എന്ന് പറഞ്ഞാല്‍ മയില്‍ എന്നാണര്‍ത്ഥം. ഈ ആസനം ചെയ്യുമ്പോള്‍ തന്‍റെ ശരീരത്തെ കൈമുട്ടുകളുടെ സഹായത്തോടെ വടിപോലെ ഉയര്‍ത്തുന്നു. ഈ ആസനം ചെയ്യുന്നയാള്‍ മയിലിനെ അനുസ്മരിപ്പിക്കുന്ന ശാരീരിക അവസ്ഥ കൈവരിക്കുന്നതിലാണ് മയൂരാസനം എന്ന പേര്‍ ലഭിച്ചത്.
* വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തിവയ്ക്കുക. ഈ അവസ്ഥയില്‍ വിരലുകള്‍ പിന്നോട്ട് ചൂണ്ടുന്ന രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.
* നാഭിക്ക് ഇരുവശമായും കൈമുട്ടുകള്‍ കൊണ്ടുവരിക.
* വളരെ ശ്രദ്ധിച്ച് കാലുകള്‍ പതുക്കെ പിന്നിലേക്ക് നീട്ടുക. ഇതിനുശേഷം, ശരീരത്തിന്‍റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തുക.
* ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തിക്കഴിഞ്ഞാല്‍ കാലുകള്‍ തിരശ്ചീനമായി വടിപോലെ നിവര്‍ത്തുക, ഇതോടൊപ്പം തന്നെ നെഞ്ചും കഴുത്തും തലയും നിവര്‍ത്തിപ്പിടിക്കണം.
* ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങാം. ആദ്യം കാലുകള്‍ മടക്കി മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുക.
* ഇനി കൈകള്‍ സ്വതന്ത്രമാക്കി ഉപ്പൂറ്റിയില്‍ ഇരിക്കാം.
ശ്രദ്ധിക്കുക:-
* ശരീരത്തെ സന്തുലനം ചെയ്യുന്ന പ്രധാനപ്പെട്ട യോഗാസനങ്ങളിലൊന്നാണിത്.
* ഈ അവസ്ഥയില്‍ ശരീരത്തിന്‍റെ മുഴുവന്‍ ഭാരവും നാഭിയിലാണ് കേന്ദ്രീകരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും സന്തുലനം തെറ്റാമെന്നതിനാല്‍ ശരിക്കും ശ്രദ്ധിക്കണം.
* ഒരു അവസ്ഥയിലും ശരീരം തെന്നി നിരങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.
* ഏതെങ്കിലും ഘട്ടത്തില്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങുക.
പ്രയോജനങ്ങള്‍:-
* കുടല്‍ രോഗങ്ങള്‍, അജീര്‍ണ്ണം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ഈ ആസനം വളരെ ഫലപ്രദമാണ്.
* പ്രമേഹത്തിനെതിരെയും മയൂരാസനം ഫലപ്രദമാണെന്ന് കരുതുന്നു.
* സ്പോണ്ടിലൈറ്റിസ് ഉള്ളവര്‍ ഈ ആസനം പരീക്ഷിക്കാതിരിക്കുക.