ശവാസനം

Webdunia
സംസ്കൃതത്തില്‍ “ശവ” എന്ന് പറഞ്ഞാല്‍ “മൃതശരീരം” എന്നും “ആസന” എന്നു പറഞ്ഞാല്‍ “വ്യായാമം” എന്നുമാണ്. ഈ ആസനാവസ്ഥയില്‍ ചെയ്യുന്ന ആള്‍ തറയില്‍ മുകളിലേക്ക് നോക്കി കിടക്കുന്നു. ഈ അവസ്ഥയില്‍ യോഗ ചെയ്യുന്നയാള്‍ യഥാര്‍ത്ഥ വിശ്രമാവസ്ഥ എന്തെന്ന് അറിയുന്നു.

ചെയ്യേണ്ട രീതി

ശവാസനം ചെയ്യുമ്പോഴുള്ള ശ്വസന നിയന്ത്രണം, കൈകാലുകളുടെ സ്ഥിതി, ശരീരത്തിന് അയവ് നല്‍കേണ്ട രീതികള്‍ എന്നിവ താഴെ പറയുന്നു.

* ശവാസനം ചെയ്യേണ്ടത് തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ്.

* ഈ ആസനം ചെയ്യാനായി നിരപ്പായ തറ തെരഞ്ഞെടുക്കണം.

* നിങ്ങളുടെ ശരീരത്തിന്‍റെ നീളത്തിനനുസരിച്ച് ഒരു പായയോ ഷീറ്റോ വിരിക്കുക.

* വളരെ കുറച്ച് വസ്ത്രം മാത്രം ധരിക്കുക

* നീണ്ട് നിവര്‍ന്ന് കിടക്കുക

* തലയും ഷീറ്റ്/പായയില്‍ വിശ്രമിക്കട്ടെ

* മുട്ടുകള്‍ക്ക് അനായാസത നല്‍കി കാലുകള്‍ രണ്ടും അല്‍പ്പം പോലും ബലം നല്‍കാതെ ഇരുവശങ്ങളിലേക്കും ഇടുക.

* നല്ലവണ്ണം നിവര്‍ത്തിയ നിലയില്‍ കൈകള്‍ തുടയ്ക്ക് ഒരടി അകലത്തില്‍ നിലത്ത് ചേര്‍ത്ത് വയ്ക്കണം.

* കൈപ്പത്തികള്‍ മുകളിലേക്കാക്കി കൈവിരലുകള്‍ പതുക്കെ മടക്കുക.

* താടി ബലംവിട്ട് ചെറുതായി താഴ്ത്തുക. കീഴ്ത്താടി ചെറുതായി കുനിയ്ക്കുക.

* ചെറുതായി വായതുറക്കുക; പല്ലുകള്‍ അകന്നിരിക്കട്ടെ.

* കണ്‍‌പോളകള്‍ പതുക്കെ താഴ്ത്തുക.

* കണ്ണുകള്‍ ചലിപ്പിക്കേണ്ടതില്ല.

* പതുക്കെ കണ്ണുകള്‍ അടയ്ക്കാം.

* നിങ്ങള്‍ സമാധാനപരമായ ഒരു മയക്കത്തിലാണ്.

* സാധാരണപോലെ മൂക്കിലൂടെ ശ്വസനപ്രക്രിയ നടത്തുക.

* ശരിക്കും സ്വാസ്ഥ്യം അനുഭവിക്കുക, ശരീരവും മനസ്സും കഴിഞ്ഞുള്ള തലത്തിലേക്ക് ഉയരാന്‍ ശ്രമിക്കുക, മനസ്സ് ശൂന്യമായിരിക്കട്ടെ.

* നിങ്ങള്‍ ഒന്നും അനുഭവിക്കാത്ത, ഒന്നും കേള്‍ക്കാത്ത, ഒന്നും മനസ്സിലാക്കാത്ത അവസ്ഥയിലാണ് ഏറ്റവും കൂടുതല്‍ സ്വാസ്ഥ്യം ലഭിക്കുന്നത്.

* മുകളില്‍ വിവരിച്ചിരിക്കുന്ന രീതികള്‍ ചെയ്യാന്‍ പഠിച്ച ശേഷം നിങ്ങള്‍ക്ക് സ്വയം എത്രത്തോളം സ്വാസ്ഥ്യം വേണമെന്നും എങ്ങനെ അത് ലഭ്യമാക്കാവെന്നും തീരുമാനിക്കാവുന്നതാണ്.

മാനസികമായ നേട്ടങ്ങള്‍

WD
* മനസ്സ് സ്വച്ഛന്ദമാക്കുന്നു

* മനോ നിയന്ത്രണം സാധ്യമാവുന്നതിനാല്‍ ശാന്തി ലഭിക്കുന്നു

* വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തിനല്‍കുന്നു.

* മനസ്സും ശരീരവും തമ്മില്‍ സ്വാഭാവികമായ ബന്ധം സ്ഥാപിക്കപ്പെടുന്നു.

* പിരിമുറുക്കത്തെ അതിജീവിക്കാന്‍ സാധിക്കുന്നു.

* ഉള്‍ക്കാഴ്ച വര്‍ദ്ധിക്കുന്നതിനൊപ്പം നിസംഗത്വം പരിശീലിക്കാനുമാവുന്നു.

ശാരീരികമായ നേട്ടങ്ങള്‍

* മനസ്സിനും ശരീരത്തിനും പുത്തനുണര്‍വ്വ് നല്‍കുന്നു

* ഏതു തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ മോചനം നല്‍കുന്നു.

* ജോലിക്കും വിശ്രമത്തിനും മികച്ച സന്തുലനം നല്‍കുന്നു.

* വിശ്രമമില്ലായ്മ, നിരാശ, ഉത്കണ്ഠ, ഭയം എന്നീ വികാരങ്ങള്‍ ഇല്ലാതാക്കുന്നു.

* വിപരീതഘട്ടങ്ങളെ നേരിടാനുള്ള മനോബലം ലഭിക്കുന്നു.

* യൌവ്വനം നിലനിര്‍ത്തുന്നു.

* ഊര്‍ജ്ജസ്വലത കൈവരിക്കുന്നു.

* ഉറക്കമില്ലായ്മ ഇല്ലാതാക്കുന്നു

* ഉറക്ക ഗുളികകളെയും മയക്കുമരുന്നിനെയും ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ കഴിയും.

* ശവാസനം ചെയ്യുമ്പോള്‍ അനുഭവിക്കുന്ന സ്വാസ്ഥ്യം രാത്രികാലത്ത് നല്ല ഉറക്കം ലഭിക്കാനും കാരണമാവും.

* കടുത്ത ജോലി പ്രശ്നങ്ങളില്‍ നിന്നുണ്ടാവുന്ന പിരിമുറുക്കം മിനിറ്റുകള്‍ നീളുന്ന ഈ യോഗാവസ്ഥയിലൂടെ ഇല്ലാതാക്കാം.

* പ്രായമായവരും മധ്യവയസ്കരും ശവാസനം പരിശീലിക്കുന്നത് നല്ലതാണ്. ഇവര്‍ അധിക സമയം ആസനാവസ്ഥയില്‍ കഴിയാന്‍ ശ്രമിക്കണം.

* പകല്‍ സമയത്ത് ഇടവിട്ട് ശവാസനം ചെയ്താല്‍ രാത്രി അധികം ഉറങ്ങുന്നതും പകല്‍ ഉറക്കം തൂങ്ങുന്നതും ഒഴിവാക്കാം.

* സങ്കീര്‍ണ്ണമായ യോഗാസനം ചെയ്ത ശേഷവും ശവാസനം ചെയ്യാം. മസിലുകള്‍ക്ക് നല്ലരീതിയിലുള്ള അയവ് നല്‍കാന്‍ ഇത് സഹായിക്കും.

ശ്രദ്ധിക്കുക

* ശ്വാസഗതി താഴുന്നതിനൊപ്പം മനസ്സ് സന്തുലിതമാവുന്നു, ഒപ്പം മനോവ്യാപാരങ്ങളും നിയന്ത്രണത്തിലാവുന്നു.

* ആസനാവസ്ഥയില്‍ മൃതദേഹത്തെ പോലെ തന്നെ ചലനമില്ലാതെ വേണം കിടക്കാന്‍.

* ഉണര്‍വ്വ് ലഭിച്ചു എന്ന് സ്വയം ബോധ്യപ്പെടുന്നവരെ ആസനാവസ്ഥയില്‍ തുടരാം.

* ഈ ആസനം ചെയ്യുന്നതിന് പ്രത്യേക സമയ പരിധിയില്ല. മിനിറ്റുകളില്‍ തുടങ്ങി വേണമെങ്കില്‍ മണിക്കൂറുകള്‍ വരെ തുടരാം.