കമലാദേവി - സ്ത്രീശക്തിയുടെ കാന്തി

Webdunia
PROPRO
പുതിയ തലമുറ ഏറെയൊന്നും ശ്രദ്ധിക്കാതെ പോയ ഉജ്ജ്വല വ്യക്തിത്വമാണ്‌ തെക്കേ ഇന്ത്യക്കാരിയായ കമലാദേവി ചതോപാദ്ധ്യായ. സ്ത്രീ സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കും സ്വാതന്ത്ര്യ സമരത്തിന് ക്രാന്തദര്‍ശിയായ അവര്‍ നല്‍കിയ സംഭാവന പകരം വയ്ക്കാനില്ലാത്തവയാണ്‌.

ഗാന്ധിജിയെപ്പോലുള്ള പ്രഗത്ഭരില്‍ നിന്നുള്ള എതിര്‍പ്പുകളും അവഗണനകളും അതിജീവിച്ചുകൊണ്ടായിരുന്നു കമലയുടെ മുന്നേറ്റം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അധികാരത്തിനും വേണ്ടി അവര്‍ അക്ഷീണം യത്നിച്ചു. അതിന്‌ എതിരുനിന്നവര്‍ ആരായാലും അവരെ എതിര്‍ത്തു. ഇത്ര ആര്‍ജ്ജവവും ചങ്കുറപ്പും കാണിച്ച വനിതാ നേതാക്കള്‍ ഈ നൂറ്റാണ്ടില്‍ കുറവായിരിക്കും.

1903 ഏപ്രില്‍ മൂന്നിനായിരുന്നു അവര്‍ ജനിച്ചത്‌. 2003 ല്‍ അവരുടെ ജന്മശതാബ്ദി അത്രയേറെ ശ്രദ്ധിക്കാതെ കടന്നു പോയി. വീണ്ടും ഒരു ഏപ്രില്‍ മൂന്ന്‌ കമലാദേവി ചതോപാദ്ധ്യായക്ക്‌ പ്രണാമങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു ദിനം കൂടി.

എമ്പത്തിയാറാമത്തെ വയസ്സില്‍ (1988) മരിക്കുന്നതു വരെ കമലാ ദേവി ഊര്‍ജ്ജസ്വലയായിരുന്നു. ജീവിതം ഏറ്റവും അര്‍ത്ഥവത്തായ പ്രവര്‍ത്തികള്‍ക്ക്‌ വേണ്ടി നീക്കിവച്ച കമലാദേവിയുടെ ജീവിതം വരും തലമുറയ്ക്കൊരു പാഠമാണ്‌.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്തെ കാല്‍പനിക സ്ത്രീരൂപമാണ്‌ അവര്‍. ജനിച്ച്‌ നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും കമലാദേവിയുടെ സ്വാതന്ത്ര്യ ചിന്തയും സ്ത്രീ സമത്വ വാദവും കൂടുതല്‍ പ്രസക്തമാവുന്നു.

മഹത്തായ ജീവിത ം

1903 ഏപ്രില്‍ മൂന്നിന് മംഗലാപുരത്തെ ഒരു സാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. കുടുംബ സുഹൃത്തുക്കളായിരുന്നു ഗോഖലേ, റാനഡേ, ആനിബസന്‍റ് എന്നിവരുമായുള്ള അടുപ്പത്തില്‍ നിന്നും കിട്ടിയ തീപ്പൊട്ടുകളായിരുന്നു കമലയെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണി പോരാളിയാക്കിയത്.

മാര്‍ഗരറ്റ് കസിന്‍സുമായി പരിചയപ്പെട്ടതിന് ശേഷമാണ് കമല സജീവ രാഷ്ട്രീയത്തില്‍ എത്തുന്നത്. 1926 ല്‍ മദ്രാസ് സംസ്ഥാന പ്രൊവിന്‍ഷ്യല്‍ നിയമസഭയില്‍ മത്സരിച്ച് ജയിച്ച അവര്‍ നിയമസഭയില്‍ സീറ്റ് നേടുന്ന അദ്യത്തെ വനിതയായി.

എല്ലാ സാമൂഹ്യനിയമങ്ങളെയും അതിലംഘിച്ച് തിളങ്ങുന്നൊരു ജീവിതമാണ് അവര്‍ നയിച്ചത്. അക്കാലത്ത് കുലീന കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വിലക്കിയിരുന്ന കാര്യങ്ങളായിരുന്നു പൊതുപ്രവര്‍ത്തനമായി അവര്‍ ചെയ്തത്.

ദേശീയ വനിതാ സമ്മേളനം വര്‍ഷങ്ങളോളം കമലയുടെ നേതൃത്വത്തില്‍ നടന്നു. സ്ത്രീകള്‍ക്കെതിരായ ലിംഗ വിവേചനത്തിനും ശൈശവ വിവാഹത്തിനും എതിരെയായിരുന്നു അവരുടെ പടയൊരുക്കം.

1936 ല്‍ കമലാദേവി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്‍റായി. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, മിനു മസാനി എന്നിവരായിരുന്നു പാര്‍ട്ടിയിലെ പ്രധാന നേതാക്കല്‍.

1945 ല്‍ കമലാദേവി ചതോപാദ്ധ്യായ സരോജിനി നായിഡുവുമായി ചേര്‍ന്നായിരുന്നു സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വിഭജനത്തിന് ശേഷം മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ ശ്രദ്ധ മാറ്റി. സഹകരണാടിസ്ഥാനത്തിലുള്ള അഭയാര്‍ത്ഥി സംരക്ഷണ ക്യാമ്പുകള്‍ അവര്‍ സംഘടിപ്പിച്ചു

കമലാദേവി പതിനഞ്ചാം വയസ്സില്‍ വിധവയായി. പിന്നീടവര്‍ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായയെ വിവാഹം ചെയ്തു. ഹരീന്ദ്രനാഥിന്‍റെ മദ്യപാനവും വഴിവിട്ട ബന്ധങ്ങളും കമലാദേവിയുടെ കുടുംബ ജീവിതത്തെ ബാധിച്ചു. വിവാഹ മോചനം നേടിയ അവര്‍ മകന്‍ രാമ വളരുന്നത് ദൂരെനിന്നും നോക്കിക്കണ്ടു. വാര്‍ദ്ധക്യത്തില്‍ അവര്‍ തനിച്ചായിരുന്നു.

ഹരീന്ദ്രനാഥുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗാന്ധിജിയില്‍ നിന്നും സരോജിനി നായിഡുവില്‍ നിന്നും കമലാദേവിക്ക് എതിര്‍പ്പ് നേരിടേണ്ടിവന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ സരോജിനി നയിഡു കത്തെഴുതി. ഗാന്ധിജി അതനുസരിക്കുകയും ചെയ്തു. അക്കാലത്ത് വിവാഹ മോചനം എന്തോ ഒരു ക്രൂര കൃത്യമായാണ് കരുതിയിരുന്നത്.

രണ്ട് നിശ്ശബ്ദ ചിത്രങ്ങളില്‍ കമലാ ദേവി അഭിനയിച്ചു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നാടകാവതരണത്തിനായി ഭര്‍ത്താവിനോടൊപ്പം നാട് ചുറ്റി. ഡല്‍ഹിയില്‍ കലാ രൂപങ്ങളുടെ സംരക്ഷണത്തിനായി തിയേറ്റര്‍ ക്രാഫ്റ്റ് മ്യൂസിയം അവര്‍ സ്ഥാപിച്ചു. അവിടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും സംഗീത നാടക അക്കാഡമിയും സ്ഥാപിച്ചു.


കരകൗശല മേഖലയെ സംരക്ഷിക്കലായിരുന്നു കമലാദേവിയുടെ മറ്റൊരു ദൗത്യം. മഗ്സെസെ അവാര്‍ഡ്, വേള്‍ഡ് ക്രാഫ്റ്റ് കൗണ്‍സില്‍ അവാര്‍ഡ്, യുനെസ്കോ ബഹുമതി, പത്മ വിഭൂഷണ്‍ എന്നിവ അവരെത്തേടിയെത്തി.

ഗാന്ധിജിയോടുള്ള ആരാധന നിലനില്‍ക്കുമ്പോഴും അദ്ദേഹത്തോടുള്ള എതിര്‍പ്പുകള്‍ തുറന്നു പറയാന്‍ കമലാദേവി മടിച്ചില്ല. ഇതായിരുന്നു ആ വ്യക്തിത്വത്തിന്‍റെ സവിശേഷമായൊരു ചാരുത.

ഫെമിനിസം ഒരു ഭ്രമമായി തീരുന്നതിനുമുന്‍പേ ഫെമിനിസ്റ്റ് ആയിരുന്നു കമലാദേവി. കടുത്ത ജീവിതാനുഭവങ്ങളായിരുന്നു ഇതിനാധാരം. അഭിനയത്തോടുള്ള അഭിനിവേശവും കരകൗശല രംഗത്തെ സഹകരണ വിപ്ളവവും അവരെ ശ്രദ്ധേയയാക്കി.

കമലാദേവി ചതോപാദ്ധ്യായയുടെ അശയങ്ങള്‍ പലതും ഇന്നും സജീവമായി ചര്‍ച്ച ചെയ്യുന്നവയാണ്. സ്വന്തം വീട്ടിലെ സ്ത്രീയുടെ അടുക്കള ജോലി ഒരു സാമ്പത്തിക പ്രക്രിയയായി കണക്കാക്കണമെന്നായിരുന്നു അവരുടെ വാദം. പ്രസവത്തിനും കുട്ടിയെ സംരക്ഷിക്കുന്നതിനും സ്ത്രീക്ക് അവധി കൊടുത്തേ പറ്റൂ എന്നവര്‍ വാദിച്ചു. ഖനിയിലെ സ്ത്രീ തൊഴിലാളികളുടെ ദാരുണമായ അവസ്ഥയെ കുറിച്ച് അവര്‍ പഠനം നടത്തിയിരുന്നു.

സ്വാതന്ത്ര്യ സമര രംഗത്ത് അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട എന്ന ഗാന്ധിജിയുടെ നിലപാടിനെതിരെ കമലാദേവി ക്ഷോഭിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം കമലാദേവി രാഷ്ട്രീയം വിട്ടു. കേന്ദ്രമന്ത്രി സ്ഥാനം, ഗവര്‍ണര്‍ പദവി, അംബാസഡര്‍ പദവി എന്തിന് ഉപരാഷ്ട്രപതി പദവി പോലും അവര്‍ സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.