ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം; രജിസ്റ്റര്‍ ചെയ്തത് 526 കേസുകള്‍

Webdunia
ശനി, 8 ഓഗസ്റ്റ് 2015 (14:53 IST)
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്സഭയില്‍ കേന്ദ്ര സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യമന്ത്രി മനേക ഗാന്ധി അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞവര്‍ഷം ജോലിസ്ഥലത്ത് സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതുമായി ബന്ധപ്പെട്ട് 526 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 
 
രജിസ്റ്റര്‍ ചെയ്യപ്പെട്ട 526 കേസുകളില്‍ 57 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജോലിസ്ഥലത്തെ തന്നെപീഡനവുമായി ബന്ധപ്പെട്ടാണ്. ബാക്കിയുള്ള 469 കേസുകള്‍ ജോലിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളുടേതാണ്. ജോലിയുമായി ബന്ധപ്പെട്ട് അന്യസ്ഥലങ്ങളില്‍ പോകേണ്ടി വരുമ്പോഴും മറ്റുമാണ് പ്രധാനമായും സ്ത്രീകള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എതിരായ ബലാത്സംഗ കേസുകളിലും വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2012ല്‍ 8541 കേസുകളും 2013ല്‍ 12 363 കേസുകളും 2014ല്‍ 13766 കേസുകളുമാണ് ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മനേക ഗാന്ധി സഭയില്‍ അറിയിച്ചു.
 
അതേസമയം, 2013ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് എതിരായ അതിക്രമം തടയല്‍ നിയമം കൃത്യമായി നടപ്പില്‍ വരുത്തേണ്ടതിന്റെ ഭാഗമായി സര്‍ക്കാര്‍ ജാഗ്രത പാലിച്ചതിന്റെ ഫലമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കാണിക്കുന്നതെന്നും അവര്‍ പറയുന്നു.