ഭാര്യയുടെ മെഡൽനേട്ടത്തിൽ അഭിമാനം, മെഡൽ 10 മാസം പ്രായമായ തങ്ങളുടെ ഇരട്ടക്കുട്ടികൾക്ക്: ദിനേഷ് കാർത്തിക്

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (22:44 IST)
കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലമെഡൽ നേട്ടം സ്വന്തമാക്കിയ ദീപിക പള്ളിക്കലിനെ അഭിനന്ദിച്ച് ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ദിനേഷ് കാർത്തിക്. ഇരട്ടക്കുട്ടികളുടെ അമ്മയായി 10 മാസം പോലും പൂർത്തിയാകുന്നതിന് മുൻപാണ് ദീപിക കോമൺവെൽത്തിനായി ബെർമിങ്ഹാമിൽ പോയത്. ഭാര്യയെ ഓർത്ത് താൻ അഭിമാനിക്കുന്നതായി കാർത്തിക് പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കാർത്തിക് ഇക്കാര്യം പറഞ്ഞത്.
 
ആദ്യവിവാഹബന്ധം തകർന്നതിൻ്റെ വിഷാദത്തിൽ ദിനേഷ് കാർത്തികിൻ ആശ്വാസമായത് ദീപിക പള്ളിക്കലായിരുന്നു. സ്വകാര്യജീവിതത്തിലെ പരാജയത്തിൽ നിന്നും പ്രഫഷണൽ കരിയറിലെ മോശം സമയത്ത് നിന്നും ദിനേഷ് കാർത്തിക് മുന്നോട്ട് നടന്നുകയറിയത് ദീപികയുടെ കൈപ്പിടിച്ചാണ്. അതുപോലെ തന്നെ ഗർഭിണിയായ ശേഷം കളിക്കളത്തിൽ നിന്നും വിട്ടുനിന്ന ദീപികയുടെ തിരിച്ചുവരവിനും കാർത്തിക് കൈത്താങ്ങായി. അമ്മയായി ആറ് മാസം പോലും തികയും മുൻപാണ് ദീപിക കളിക്കളത്തിൽ തിരിച്ചെത്തിയത്.
 
സൗരവ് ഘോഷാലിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്‌കോയില്‍നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമെഡൽ നേട്ടം കുറിച്ചിരുന്നു.കബീർ,സിയാൻ എന്നിങ്ങനെ രണ്ട് ഇരട്ടക്കുട്ടികളാണ് കാർത്തിക്-ദീപിക ദമ്പതികൾക്കുള്ളത്. അമ്മയായതിന് ശേഷം ദീപിക നടത്തിയ തിരിച്ചുവരവ് ഒരുപാട് സ്ത്രീകൾക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതിൽ കൂടിയാണ് തുറക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article