സഹീര്‍ ഖാന്‍ കണ്ണു ചിമ്മി ചിരിച്ച സുന്ദരിമാര്‍

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2011 (15:33 IST)
PRO
ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം സുഹൃത്തുക്കളുമായി കാണുന്നതിന്റെ ത്രില്ലൊന്ന് വേറെ തന്നെ. അങ്ങനെ ഈ ലോകകപ്പ് ഫൈനല്‍ ഉത്തമ ചങ്ങാതികളുമായി കണ്ട് അവസാന നിമിഷത്തെ സമ്മര്‍ദ്ദങ്ങളെല്ലാം കളിക്കാരെക്കാള്‍ അധികം അനുഭവിച്ച് (??) കമന്റേറ്റര്‍മാരുടെ അഭിപ്രായങ്ങളേക്കാള്‍ കനം കൂടിയ അഭിപ്രായങ്ങള്‍ പറഞ്ഞ് കളിയെ വിലയിരുത്തി അവസാനം കപ്പ് നേടി. കപ്പ് നേടിയാല്‍ ഓവറാക്കരുതെന്ന് ഓരോ സിക്സിനും ഫോറിനും ആവേശപ്രകടനം കുറച്ച് ഓവര്‍ ആയതിനാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ആദ്യമേ പറഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ധോണിയുടെ അവസാനത്തെ തകര്‍പ്പന്‍ സിക്സിനുശേഷം എല്ലാവരും കൂടി പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു. പിന്നെ പുറത്തുവച്ച് സന്തോഷം കുറച്ച് ഓവറായി തന്നെ പ്രകടിപ്പിച്ചു. തീര്‍ന്നില്ല ടെറസ്സിലും റൂമിലും ഹോസ്റ്റല്‍ ഇടനാഴിയിലും ഒക്കെ ആനന്ദ പ്രകടനമായിരുന്നു പിന്നീട്. എല്ലാ ആഘോഷങ്ങള്‍ക്കും ശേഷം തളര്‍ന്ന് ഒരു മണിയോടെ നിദ്രയെ പുല്‍കി. പിന്നീടായിരുന്നു അത് സംഭവിച്ചത്.

ഹോസ്റ്റല്‍ സുന്ദരിമാരെല്ലാം കൂടി ധോണിയുടെ വീട്ടിലേക്ക് പോകുന്നു. കപ്പ് നേടിത്തന്നതിന് നേരിട്ടൊരു അഭിനന്ദം നല്‍കാന്‍. ധോണിക്കാണെങ്കില്‍ കൂറ്റന്‍ വീട് വേറെ, അതിഥികളെ സ്വീകരിക്കാന്‍ ബംഗ്ലാവ് വേറെ. ബംഗ്ലാവില്‍ നിറയെ എക്സിക്യൂട്ടീവ് സുന്ദരന്മാര്‍. എന്തായാലും ഞങ്ങളെല്ലാരും അവിടെയെത്തി. എക്സിക്യൂട്ടിവുകള്‍ ഞങ്ങളെ സ്വീകരിച്ചു. ധോണി ഇപ്പോള്‍ വരും എല്ലാവരും കുറച്ച് കാത്തിരിക്കണമെന്ന് പറഞ്ഞു. സ്വീകരണ മുറിയിലെ സോഫയില്‍ കുറച്ച് സുന്ദരിമാര്‍ ഇരുന്നു. ബാക്കിയുള്ളവര്‍ക്ക് തൊട്ടടുത്ത മുറിയില്‍ ഇരിക്കാമെന്ന് എക്സിക്യൂട്ടിവുകള്‍ മൊഴിഞ്ഞു.

കേട്ടമാത്രയില്‍ എല്ലാവരും കൂടി അങ്ങോട്ടുപോയി. നോക്കിയപ്പോള്‍ ദേ... അയ്യോ, എന്താ ഈ കാണുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. സുന്ദരിമാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള സാക്ഷാല്‍ സുന്ദരന്‍ ശ്രീശാ‍... ഛേ!! അല്ല സഹീര്‍ ഖാന്‍. സുഖ ഉറക്കം.

കറുത്ത ടീഷര്‍ട്ട്, ബ്രൌണ്‍ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, ട്രിം ചെയ്ത തലമുടി. ഹൊ!!! വിശ്വസിക്കാന്‍ എല്ലാവരും പരസ്പരം നുള്ളുകയല്ല. നല്ല കിക്ക് ബോക്സിംഗ് അടി തന്നെ നല്കി. സംഭവം സത്യം തന്നെ. സുന്ദരിമാരുടെ അടക്കവും ഒതുക്കവും (??) നിറഞ്ഞ വിളി കേട്ട്‌ സഹീര്‍ ഉണര്‍ന്നു. കണ്ടപ്പോള്‍ പുള്ളിക്ക് സന്തോഷം സഹിക്കാന്‍ വയ്യ. എത്ര സുന്ദരിമാര്‍. കണ്ണുചിമ്മിയുള്ള ചെറുപുഞ്ചിരിയോടെ കട്ടിലിന്മേലുള്ള ആ ഇരിപ്പ്. ഹൊ!!!

എന്താ വീട്ടില്‍ പോകാത്തതെന്ന് ചോദിച്ചപ്പോള്‍, വീട് ദൂരെയായതുകൊണ്ട് നാളെപ്പോയാല്‍ മതി എന്നു ധോണി പറഞ്ഞത് കൊണ്ടാണ് ഇവിടെ വന്നതെന്നും പറഞ്ഞു. പിന്നെ തേനീച്ചക്കൂട്ടില്‍ കല്ലിട്ടപോലെയായിരുന്നു ബഹളം.

അപ്പോഴേക്കും ക്യാപ്റ്റന്‍ എത്തി. ഞങ്ങളെല്ലാം ആശംസ അറിയിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍, നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ഈ കപ്പ് ഇന്ത്യക്ക് ലഭിച്ചതെന്നും പറഞ്ഞ് ഞങ്ങള്‍ക്ക് കേക്കും ജ്യൂസും ഒക്കെ നല്‍കാന്‍ എക്സിക്യൂട്ടീവുകളോട് നിര്‍ദ്ദേശിച്ചിട്ട് ക്യാപ്റ്റന്‍ ധോണി സ്ഥലം വിട്ടു. വെറും രണ്ടേ രണ്ട് മിനിറ്റ് ക്യാപ്റ്റന്‍ വന്നതും പോയതും സംസാരിച്ചതും. അതിനിടയ്ക്ക് വന്നപ്പോള്‍ കണ്ട കാഴ്ച!!!

ചങ്ങാതിക്കൂട്ടത്തിലെ ജേണലിസ്റ്റും ഞങ്ങളുടെയൊക്കെ ഔദ്യോഗിക ഫോട്ടോഗ്രാഫറുമായ പുന്നാര ചങ്ങാതി കണ്ണടക്കാരി ജോയ്സിനോട് സഹീര്‍ഖാന്‍ ഫോണ്‍നമ്പര്‍ ചോദിക്കുന്നു. ഇടിവെട്ടേറ്റതുപോലെയായി! ഈ രണ്ട് മിനിറ്റിനിടയ്ക്ക് ഇത്രയൊക്കെ ആയോ എന്ന് പരിസരം മറന്ന് ചോദിച്ചുപോയി. സഹീറാണെങ്കില്‍ ഒന്നും രണ്ടുമല്ല അഞ്ച് മൊബൈല്‍ ഫോണാണ് കൈയ്യില്‍ പിടിച്ചിരുന്നത്. അതുകണ്ടപ്പോള്‍ കുറച്ച് ആശ്വാസമായി. അഞ്ച് ഫോണിലും കൂടി അമ്പതിനായിരം നമ്പറെങ്കിലും കാണുമല്ലോ. അതുകൊണ്ട് അതിലൊരു നമ്പര്‍ മാത്രമായിരിക്കും ജോയ്സിന്റെത് എന്ന് വിചാരിച്ച് ആശ്വസിച്ചു.

ടാറ്റാ ബൈ ബൈ പറഞ്ഞ് ശ്രീലങ്കന്‍ ടീം പോയതുപോലെ വിഷാദമൂകരായി തിരികെ വരുമ്പോള്‍ ഒരാള്‍ക്ക് മാത്രം അഹങ്കാരം!!! ഒന്നല്ല അഞ്ചു മൊബൈല്‍ ഫോണ്‍ സഹീറിന് ഉണ്ടെന്ന് ആ അഹങ്കാരത്തിന് ദുര്‍ബ്ബലമായി മറുപടി നല്‍കി തിരികെ മടങ്ങുമ്പോഴും മനസ്സില്‍ ഒരു ചോദ്യം ബാക്കി. ഇനി സഹീര്‍ ഖാനെങ്ങാനും ജോയ്സിനെ വിളിക്കുമോ!!!!! അയ്യോ!!!! ആലോചിക്കുമ്പോള്‍ തന്നെ തലപെരുക്കുന്നു @#$@ !

അപ്പോഴേക്കും മൊബൈല്‍ അലാറം എല്ലാ അഹങ്കാരത്തിനുമുള്ള മറുപടി നല്‍കി.

വാല്‍ക്കഷണം: ഈ സ്വപ്നം കേട്ട് മറ്റൊരു ഹോസ്റ്റല്‍ ആത്മസുഹൃത്തിന്റെ ചോദ്യം.. നീ കണ്ട ഈ സ്വപ്നത്തിലെ. സഹീര്‍ ഖാന് കണ്ണ് ചിമ്മി ചിരിക്കാനും മാത്രം തോന്നുന്ന "സുന്ദരിമാര്‍" എന്ന് പലതവണ നീ പറഞ്ഞ സുന്ദരിമാര്‍ ആരാ? ഈ ഹോസ്റ്റലില്‍ അങ്ങനെയുള്ളവരും ഉണ്ടോ? ഛെ!! കൂട്ടത്തിലുള്ളവര്‍ തന്നെ ഈ സംശയം ചോദിച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍!!!! ആരാ ഈ സുന്ദരിമാര്‍...