വിദ്യാ ബാലന്‍ മലയാളിയാണ്. പക്ഷേ, രക്ഷപ്പെട്ടത് ബോളിവുഡില്‍ രക്ഷപ്പെട്ടു എന്ന് വെറുതെ അങ്ങ് പറഞ്ഞുപോയാല്‍ പോരാ. ബോളിവുഡിലെ താരറാണിമാരായ കരീന കപൂറും പ്രിയങ്കയും കത്രീനയുമൊക്കെ ഇന്ന് വിദ്യ നേടിയ വിജയം മോഹിക്കുന്നുണ്ട്. പരിനീതയിലൂടെ, ഡേര്‍ട്ടി പിക്ചറിലൂടെ, കഹാനിയിലൂടെ വിദ്യ ഹിന്ദി സിനിമയില്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടി എന്ന അംഗീകാരവും രാജ്യം വിദ്യയ്ക്ക് സമ്മാനിച്ചു.
വിദ്യാബാലനെ നമ്മള്‍ നഷ്ടപ്പെടുത്തിയല്ലോ എന്നൊരു മൂകവിലാപം ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ കരഞ്ഞതുകൊണ്ട് ഫലമില്ലല്ലോ. നട്ടെല്ലുള്ള നായികമാരെ മലയാള സംവിധായകര്‍ സ്വയം കണ്ടെത്തണം. ഒറ്റച്ചുംബനത്തിലൂടെ രമ്യാ നമ്പീശന്‍ തന്റെ വരവറിയിച്ചു. എന്നാല്‍ എല്ലാ സിനിമകളിലും അങ്ങനെയൊരു ധൈര്യം കാണിക്കാന്‍ രമ്യയ്ക്ക് കഴിഞ്ഞില്ല.
എന്നാല്‍ മറ്റൊരു നടി ഇപ്പോള്‍ മലയാള പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. റിമ കല്ലിങ്കല്‍. കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിച്ച് മലയാളത്തിന്റെ വിദ്യാബാലനായി മാറുകയാണ് റിമ. '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയിലൂടെ നായിക എങ്ങനെയായിരിക്കണം എന്ന വ്യാകരണം റിമ തെറ്റിച്ചു. എതിരാളികളായ പുരുഷന്‍മാരെ മൂര്‍ഖനെ കൊണ്ട് വകവരുത്തിയും ലിംഗം ഛേദിച്ചുമൊക്കെ മലയാളികളെ ഞെട്ടിച്ച ടെസ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ റിമ കൂടുതല്‍ ശക്തമായ സിനിമകളിലേക്ക് നീങ്ങുകയാണ്.
പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ ആദ്യമായി തിരക്കഥയെഴുതുന്ന 'വേനലിന്റെ കളനീക്കങ്ങള്‍' എന്ന സിനിമയില്‍ നായികയാകുന്നത് റിമയാണ്. കെ ബി വേണുവാണ് സംവിധായകന്‍. സ്ത്രീ കേന്ദ്രീകൃതമായ ഈ സിനിമ ജൂണില്‍ ചിത്രീകരണം ആരംഭിക്കും. പാതിരാമണല്‍, ഹസ്‌ബന്‍ഡ്‌സ് ഇന്‍ ഗോവ, അര്‍ദ്ധനാരീശ്വരന്‍ തുടങ്ങിയ വരുംകാല പ്രതീക്ഷകളിലും റിമയാണ് നായിക.
22 ഫീമെയില്‍ കോട്ടയം മുതലല്ല റിമയുടെ ഈ ചുവടുമാറ്റം. നിദ്ര, ഉന്നം, ഇന്ത്യന്‍ റുപ്പി, സിറ്റി ഓഫ് ഗോഡ്, ശങ്കരനും മോഹനനും, ഹാപ്പി ഹസ്‌ബന്‍ഡ്‌സ്, നീലത്താമര തുടങ്ങിയ സിനിമകളിലും റിമ അവതരിപ്പിച്ചത് ശക്തമായ കഥാപാത്രങ്ങള്‍ തന്നെ. എന്തായാലും മലയാളത്തില്‍ റിമയ്ക്ക് പകരം വയ്ക്കാന്‍ ഇന്ന് മറ്റൊരു നടിയില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ മികച്ച കഥാപാത്രങ്ങളിലൂടെ റിമ മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.