മാരകരോഗം ബാധിച്ച കുഞ്ഞിനെ അമ്മ തിരിഞ്ഞുനോക്കുന്നില്ല

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2012 (12:21 IST)
PRO
PRO
ഇങ്ങനെ ഒരമ്മയുടെ നമ്മുടെ കേരളത്തിലുണ്ട്. നൊന്തുപെറ്റ കുഞ്ഞിനെ കാണാന്‍ പോലും കൂട്ടാക്കാത്ത അമ്മ. മാരകരോഗം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന പെണ്‍കുഞ്ഞ് ഒരിറ്റ് മുലപ്പാലിനായി നിലവിളിക്കുമ്പോള്‍ അമ്മ അകലെയൊരിടത്താണ്. കായംകുളം വടക്ക് കൊച്ചുമുറി ഗോവിന്ദമുട്ടം മംഗലത്ത് തറയില്‍ സജീവ്-വീണ ദമ്പതികളുടെ കുഞ്ഞാണ് മാതൃപരിചരണം പോലും കിട്ടാതെ രോഗത്തോട് മല്ലടിക്കുന്നത്.

കായംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാര്‍ച്ച് 17-നാണ് ഈ കുഞ്ഞ് പിറന്നത്. നെട്ടെല്ലില്‍ മുഴയും രണ്ടു കാലുകള്‍ക്ക് അംഗവൈകല്യവുമായി പിറന്ന കുഞ്ഞിനെ അന്ന് തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും കൊണ്ടുപോയി. കൂലിപ്പണിക്കാരനായ സജീവന്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. സജീവന്റെ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്.

പ്രസവശേഷം അഞ്ചാം ദിവസം വീണ കുഞ്ഞിനെ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ തിരിച്ചുപോവുകയും ചെയ്തു. ഗര്‍ഭകാല ചികിത്സയിലെ പിഴവുമൂലമാണ് കുഞ്ഞിന് മുഴയും അംഗവൈകല്യവും ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം.

വിശന്ന് കരയുന്ന കുഞ്ഞിന് പായ്ക്കറ്റില്‍ ലഭിക്കുന്ന പൊടി കലക്കി നല്‍കുകയാണ് രാധാമണി. ലോകത്തെ ഏത് പായ്ക്കറ്റ് പൊടിയാണ് മുലപ്പാലിന് പകരമാവുക?