മൂന്ന് പിഞ്ചു പെണ്മക്കള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വാക്കുകളാണിത്. തന്റെ മൂന്ന് മക്കളെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ അക്രമിളോടുള്ള ആ അമ്മയുടെ പ്രതികാരാഗ്നിയില്‍ കുരുത്ത വാക്കുകള്‍. “അവരെ തൂക്കിലേറ്റരുത്. എനിക്ക് വിട്ടുതരണം. എനിക്ക് അവരെ ജീവനോടെ കത്തിയ്ക്കണം. അത് ഞാന്‍ ചെയ്യാം. അതിനുള്ള അവകാശം എനിക്കുണ്ട്- ആ അമ്മ പറയുന്നു.
പെണ്‍കുഞ്ഞുങ്ങളോടുള്ള സമാനതകളില്ലാത്ത കൊടുംക്രൂരതയുടെ മറ്റൊരുദാഹരണമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ കണ്ടത്. മൂന്ന് ബാലികമാരെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ എറിയുകയായിരുന്നു. 11, 8, 6 എന്നിങ്ങനെ പ്രായമുള്ള സഹോദരിമാരാണ് ഇവര്‍. ഫെബ്രുവരി 14 സ്കൂളിലേക്ക് പോയ ഇവരെ കാണാതാവുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ലഖാനി പട്ടണത്തിന് സമീപത്തെ മുര്‍മാദി ഗ്രാമത്തിലെ ഒരു കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ബാലികമാര്‍ക്ക് പിതാവിനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വീട്ടുവേലക്കാരിയാണ് അവരുടെ അമ്മ. കൊടിയ ദാരിദ്രത്തില്‍ കഴിഞ്ഞ കുട്ടികള്‍ ഭക്ഷണം യാചിച്ച് ചെന്നപ്പോഴാണ് അക്രമികള്‍ ഇവരെ വശത്താക്കിയത് എന്നാണ് നിഗമനം.
ഒരു ഫാം ഹൌസിന് സമീപത്തെ കിണറ്റില്‍ ആണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പരിസരത്ത് മദ്യക്കുപ്പികളും ബാലികമാരുടെ ചെരുപ്പുകളും കണ്ടെത്തി. പീഡനം നടന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.