അഞ്ജലി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നാണ് ആന്റി ഭാരതി ദേവി മാധ്യമങ്ങളോട് പറഞ്ഞത്. “മൂത്ത സഹോദരിയുടെ മകളായ അഞ്ജലിയെ ഞാന്‍ ദത്തെടുക്കുകയായിരുന്നു. അന്ന് അഞ്ജലിയ്ക്ക് 15 വയസ്സായിരുന്നു പ്രായം. അന്ന് മുതല്‍ അവളെ നന്നായി സംരക്ഷിച്ചുപോരുകയാണ്. അവള്‍ എന്നെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. ഒരു മേല്‍നോട്ടം എന്ന രീതിയിലാണ് അവളോടൊപ്പം ഷൂട്ടിംഗ് സെറ്റുകളില്‍ പോകുന്നത്. അവളുടെ ഈ ചെറുപ്രായത്തില്‍ സംരക്ഷണം ആവശ്യമാണ്. അവള്‍ സമ്പാദിച്ച കോടികള്‍ ഞാന്‍ കൈക്കലാക്കി എന്ന് പറയുന്നത് തെറ്റാണ്.”- ആന്റി പറഞ്ഞു.
അതേസമയം തന്റെ പേര് ഇതിലേയ്ക്ക് വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്നും തന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ച അഞ്ജലിയ്ക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ട് സംവിധായകന്‍ കലന്‍ജിയം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഞ്ജലിയെ സിനിമയില്‍ കൊണ്ടുവന്നത് കലന്‍ജിയം ആണെങ്കിലും ഈ ചിത്രം പുറത്തിറങ്ങിയില്ല. കലന്‍ജിയത്തിന്റെ ‘ഊര്‍ സുറ്റി പുരാണം‘ എന്ന പുതിയ ചിത്രത്തിലും അഞ്ജലി തന്നെയാണ് നായിക.
അങ്ങാടിത്തെരു, എങ്കേയും എപ്പോതും, സീതമ്മ വകിറ്റ്‌ലോ സിരിമല്ലേ ചെട്ടു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അഞ്ജലി പയ്യന്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.