കല്‍പ്പനയുടെ അവാര്‍ഡിന് കണ്ണീര്‍ത്തിളക്കം

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (18:47 IST)
PRO
റസിയ എന്ന മുസ്ലീം സ്ത്രീയുടേയും ലക്ഷ്മിയമ്മ എന്ന ബ്രാഹ്മണ വൃദ്ധയുടേയും സ്‌നേഹബന്ധത്തിന്‍റെ കഥയാണ് ബാബു തിരുവല്ല രചനയും സംവിധാനവും നിര്‍വഹിച്ച ‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രം. പക്ഷേ ഇതിനു പിന്നില്‍, സിനിമയെന്നതിനപ്പുറം നന്മ നിറഞ്ഞ രണ്ട് ജീവിതങ്ങളുണ്ട്.

ഒരുപക്ഷേ, ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളിയില്‍ കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ നമ്മുടെ കണ്ണുനനയിക്കുക അന്യം നില്‍ക്കുന്ന ചെറിയ നന്മകളുടെ വേദനയുണര്‍ത്തുന്ന വിങ്ങലുകളാണ്. വൃദ്ധജനങ്ങള്‍ ഉറ്റവര്‍ക്കുപോലും ഭാരമാകുന്ന കാലത്ത് മനസ്സില്‍ നന്മയുള്ളവരും ശേഷിക്കുന്നുവെന്ന സത്യമാണ് ഈ സിനിമ ഓര്‍മിപ്പിക്കുന്നത്.

ഏകദേശം 12 വര്‍ഷങ്ങള്‍ക്കു മുമ്പ്, അമ്പലപ്പുഴ റെയില്‍വെ ട്രാക്കിനരുകില്‍ മരണം പ്രതീക്ഷിച്ച് ഇരുന്ന വൃദ്ധയായ ഒരന്തര്‍ജ്ജനത്തെ അമ്പലപ്പുഴ ഗ്രാമ പഞ്ചായത്തംഗം റസിയ ബീവി കൈപിടിച്ച് ജീവിതത്തിലേക്ക് നയിച്ചു. ഊരും പേരും ജാതിയും മതവും ചോദിക്കാതെ അഭയം നല്‍കിയ റസിയാബീവിയുടെയും, അഭയം സ്വീകരിച്ച അന്തര്‍ജനത്തിന്റെയും കഥ അഭ്രപാളികളിലാക്കുകയായിരുന്നു സംവിധായകന്‍ ബാബു തിരുവല്ല.

കല്പനയാണ് ചിത്രത്തില്‍ റസിയയായി വേഷമിട്ടത്. ആ അമ്മയുടെ കഥയറിഞ്ഞ് മാസം തോറും ഒരു നിശ്ചിത തുക കല്‍പ്പന നല്‍കുന്നുണ്ട്. റസിയയായി കല്‍പ്പനയും ചെല്ലമ്മ എന്ന ലക്ഷ്മിയമ്മയായി കെ പി എ സി ലളിതയും മത്സരിച്ച് അഭിനയിച്ചപ്പോള്‍ ദേശീയ അവാര്‍ഡ് കല്‍പ്പനയ്ക്ക് ലഭിച്ചു.

രാമനും റഹീമും മനസിനുള്ളിലാണ്

പേരും പെരുമയുമുള്ള ഒരു ഇല്ലത്താണ് ചെല്ലമ്മ അന്തര്‍ജനത്തിന്റെ ജനനം. ഭര്‍ത്താവിന്റെ മരണശേഷം അന്തര്‍ജജനത്തിന് ആ വീട്ടില്‍ സ്ഥാനമില്ലാതായി. പിന്നീട് 25 കൊല്ലത്തൊളം ലളിതാംബിക അന്തര്‍ജനത്തിന്റെ ഒപ്പം ജോലി ചെയ്ത് കഴിഞ്ഞു.

പക്ഷേ അവരുടെ മരണശേഷം വീണ്ടും തിരികെ വീട്ടിലെത്തിയ അന്തര്‍ജനം തെരുവിലേക്ക് എറിയപ്പെട്ടു. പോംവഴിയൊന്നും കാണാതെ അമ്പലപ്പുഴ നീര്‍ക്കുന്നം മാധവമുക്കിലെ റയില്‍വേ പാളത്തില്‍ അഞ്ചുമണിയുടെ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യചെയ്യാന്‍ തയ്യാറായി നില്‍ക്കുകയായിരുന്ന ചെല്ലമ്മ അന്തര്‍ജനത്തെ റസിയയാണ് കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
PRO


റസിയയും ഭര്‍ത്താവും 4 മക്കളും അടങ്ങുന്ന കുടുംബത്തില്‍ ആ ബ്രാഹ്മണ സ്ത്രീയ്ക്ക് സ്വന്തം വിശ്വാസങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും തടസ്സം വരാതെ അവര്‍ ശ്രദ്ധിച്ചു. തന്റെ വീട്ടിലെ മത്സ്യ-മാംസാദി ഭക്ഷണങ്ങളുടെ മണം അമ്മയ്ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ മറ്റൊരു വീട് വച്ചുനല്‍കാന്‍ അവര്‍ ആലോചിച്ചു.

പഞ്ചായത്തിലെ അഗതി ആശ്രയപദ്ധതി വഴി ലഭിച്ച തുക ഉപയോഗിച്ച് അമ്മയ്ക്ക് വസ്തു വാങ്ങി റസിയ വീടും വച്ചുകൊടുത്തു. ഒരുപാട് പ്രതിസന്ധികളും ആരോപണങ്ങളും ഇതിനിടയ്ക്ക് റസിയയ്ക്കെതിരെ ഉയര്‍ന്നു.

മുറ്റത്തെ തുളസിത്തറയില്‍ സന്ധ്യാദീപം കൊളുത്തുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും അമ്പലത്തില്‍ പോകുമ്പോഴും റസിയ ഒപ്പമുണ്ടാകും. ചെല്ലമ്മ അന്തര്‍ജനത്തെ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സ്വന്തം കുടുംബാംഗമാക്കിയ റസിയാബീവിയുടെ കഥ മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ആ കഥ സിനിമയായി - ‘തനിച്ചല്ല ഞാന്‍’. സിനിമ നന്മയുടെ നേര്‍ക്കാഴ്ചയായപ്പോള്‍ അതിലൂടെ കല്‍പ്പനയ്ക്കും അര്‍ഹമായ ഒരു അംഗീകാരം തേടിയെത്തി.

ചിത്രത്തിന് കടപ്പാട്: എന്‍ ആര്‍ സുധര്‍മ്മദാസ്(കേരളകൌമുദി ആലപ്പുഴ ഫോട്ടോഗ്രാഫറായ സുധര്‍മ്മദാസാണ് പ്രശസ്തമായ ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്)

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്