അവള്‍ കാമുകനെ കൊന്നു, ശരീരത്ത് കയറിയിരുന്ന്!

Webdunia
വെള്ളി, 22 ജനുവരി 2010 (19:14 IST)
PRO
മിയാ ലാന്‍ഡിന്‍‌ഗാമിനെ ഏറെയാര്‍ക്കും പരിചയമുണ്ടാവില്ല. അവര്‍ അങ്ങ് ദൂരെ ഓസ്ട്രേലിയയിലാണ് കഴിയുന്നത്. പക്ഷേ, ഓസ്ട്രേലിയിലെ ക്ലീവ് ലാന്‍ഡ് പൊലീസിന് ഇവരെ നല്ല പരിചയമാണ്. കാരണം മറ്റൊന്നുമല്ല ഇവര്‍ കാമുകന്റെ മേല്‍ കയറിയിരുന്ന് അയാളെ കൊന്ന കേസില്‍ ശിക്ഷ ലഭിച്ച സ്ത്രീയാണ്!

അടുത്ത സമയത്താണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്. എന്നാല്‍, മന:പൂര്‍വമല്ലാത്ത കൊലപാതകമായിരുന്നതിനാല്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കിയില്ല. പകരം മൂന്ന് വര്‍ഷം നല്ലനടപ്പും 100 മണിക്കൂര്‍ സാമൂഹിക സേവനവും നടത്താനാണ് കോടതി വിധിച്ചത്.

ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ല- കാമുകിക്ക് 136 കിലോയും കാമുകന് 54.4 കിലോയുമാണ് ഭാരം. ഇവര്‍ തമ്മില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഒരു വാക്കുതര്‍ക്കമാണ് വിചിത്രമായ കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ലാന്‍ഡിന്‍‌ഗാം, കാമുകന്‍ മെക്കല്‍ മിഡില്‍‌സ്റ്റണിന്റെ ശരീരത്ത് കയറിയിരുന്നു, കാമുകന്‍ മരിച്ചുപോവുകയും ചെയ്തു.

ലാന്‍ഡിന്‍‌ഗാമിനെതിരെ ക്രിമിനല്‍ കേസുകളൊന്നുമില്ലാത്തതും ഇവര്‍ സ്ഥിരമായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്ന പ്രതിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചതുമാണ് ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുത്തിയത്. തന്റെ കുട്ടികളുടെ അച്ഛനെ മന:പൂര്‍വമല്ലാതെ കൊലചെയ്തതില്‍ അവര്‍ കോടതിയില്‍ ആത്മാര്‍ത്ഥമായി ക്ഷമചോദിക്കുകയും ചെയ്തു.

എന്താ‍യാലും, മൈക്കലിന്റെ സഹോദരി തങ്ങള്‍ക്ക് നീതി ലഭിച്ചില്ല എന്ന നിലപാടിലാണ്. ഇത്തരത്തിലാണ് കാര്യങ്ങളെങ്കില്‍ തനിക്കും ആരുടെയെങ്കിലും മുകളില്‍ കയറിയിരുന്നു അവരെ കൊല്ലാന്‍ സാധിക്കുമല്ലോ എന്നാണ് അവരുടെ വാദം.