വിനായകനും വിഘ്നേശ്വരനും, ഗണപതിയുടെ മറ്റുപേരുകളെക്കുറിച്ച് നിങ്ങൾക്കറിയാമോ ?

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (19:08 IST)
പടുകൂറ്റന്‍ വിനായക ശില്പങ്ങളുമായി ആഹ്ളാദാരവങ്ങളോടെ ഉത്തരേന്ത്യക്കാരും അത്രയൊന്നും ആര്‍ഭാടങ്ങളും ആരവങ്ങളുമില്ലാതെ കേരളീയനും തമിഴനും ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യക്കാരും വിഘ്നേശ്വര ചതുര്‍ത്ഥി ആഘോഷിക്കുന്നു. വിഘ്നേശ്വരന്‍ എന്നാല്‍ വിഘ്നങ്ങളും ജഢത്വവും അകറ്റുന്നവനത്രെ. 
 
ഗജാനനന്‍, ഗണപതി, ലംബോധരന്‍, ചാമരകര്‍ണ്ണന്‍, സിദ്ധി വിനായകന്‍, വക്രതുണ്ഡന്‍, മൂഷികവാഹനന്‍ തുടങ്ങിയ പേരുകളും പഞ്ചദേവതകളിലെ പ്രഥമസ്ഥാനീയനായ വിഘ്നേശ്വരനു സ്വന്തമാണ്. 
 
ഗണപതി ശക്തി ബുദ്ധി എന്നീ ഗുണങ്ങളുടെ മൂര്‍ത്തിരൂപമത്രെ. ഭക്തര്‍ക്ക് സദ്ഗുണങ്ങളും എല്ലാ കര്‍മ്മങ്ങളിലും വിജയവും പ്രദാനം ചെയ്യുന്നതും ഈ ദേവനാണ്. 
 
"ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായിരുന്നു'' എന്ന് വിശുദ്ധബൈബിളില്‍ പറയുന്നു. ഇതേ ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ടാണ് പ്രാചീന ഭാരതീയ സംസ്ക്കാരവും ആരംഭിക്കുന്നത്. 
 
"ഓംകാരം പ്രപഞ്ച സൃഷ്ടിയില്‍ ആദ്യമുണ്ടായ ധ്വനിയെന്ന് വേദങ്ങളും അനുശാസിക്കുന്നു. അക്ഷരങ്ങളുടെ തുടക്കവും ഇതേ ഓം കാരത്തില്‍ നിന്നാണ്. സാക്ഷാല്‍ അതീതബ്രഹ്മസ്വരൂപമത്രെ ഓം കാരം. ഇതിന് മുന്‍പ് മറ്റൊന്നും ആരംഭിക്കുന്നില്ല.
 
ഓം കാരത്തെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കല്പമാണ് ഗണപതി. അതുകൊണ്ട് തന്നെയാണ് എല്ലാ ഉദ്യമങ്ങളിലും പ്രഥമസ്ഥാനം ഈ ദേവന് നല്‍കി ആദരിക്കുന്നതും. 
 
മനുഷ്യശരീരത്തിലെ കുണ്ഡലിനി ശക്തിയുടെ ഉറവിടവും, ആത്മീയ ശക്തിയുടെ കേന്ദ്രസ്ഥാനമായ മൂലാധാരത്തിന്‍െറ അടിസ്ഥാന ദേവതയും ഗണപതി തന്നെയാണ്. 
 
ഭാരതീയ സംസ്കാരം സമ്മാനിച്ചിട്ടുള്ള മറ്റു ദേവതാ സങ്കല്പങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ് വിഘ്നേശ്വരന്‍െറ ശാരീരിക പരിവേഷം. ആനത്തലയും മനുഷ്യശരീരവും കുടവയറും തുമ്പിക്കരവും... ഒക്കെയായി പുരാണങ്ങളില്‍ ഗണപതിയെ ചിത്രീകരിക്കുന്നു. 
 
മനുഷ്യജീവിതവുമായി ഏറെ ബന്ധമുള്ള ശരീരഘടനയും ആഭരണാദികളും ഉളള മറ്റൊരു ദേവതാ സങ്കല്പം ഇല്ലെന്ന് തന്നെ പറയാം. തികച്ചും അര്‍ത്ഥവത്തായ ചില പ്രതീകങ്ങളുടെ സമ്മേളനാണ് ഗണപതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article