ഉല്‍പ്പാദനമേഖലയിലെ നികുതികുറച്ചു

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (15:43 IST)
PROPRO
രാജ്യത്തെ ഉല്‍പ്പാദന മേഖലയിലെ നികുതി ഗണ്യമായി കുറച്ചുകൊണ്ട് മറ്റ് മേഖലകള്‍ക്കൊപ്പം ഉല്‍പ്പാദന മേഖലയ്ക്കും ധനമന്ത്രി ചിദംബരം ആശ്വാസം നല്‍കി. 2008-09 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേയാണ് ചിദംബരം ഇത് വ്യക്തമാക്കിയത്.

ഇതനുസരിച്ച് നിര്‍മ്മാണ മേഖലയിലെ നിലവിലുള്ള എക്സൈസ് തീരുവയായ 16 ശതമാനത്തില്‍ നിന്ന് 2 ശതമാനം ഇളവ് നല്‍കും. ഇതോടെ നികുതി നിരക്ക് 14 ശതമാനമായി താണു. ഇതിനൊപ്പം ചില പ്രത്യേക മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍‌സ് എന്നീ മേഖലകളിലെ വ്യവസായങ്ങള്‍ക്ക് നിരവധി ഇളവുകളുണ്ട്.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് നിര്‍മ്മാണമേഖല, ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനൊപ്പം നിര്‍മ്മാണവും അതിനൊപ്പം നിക്ഷേപവും വര്‍ദ്ധിക്കും. അതിനാല്‍ ഈ രംഗത്തേക്ക് വേണ്ട ആശ്വാസം നല്‍കണം എന്നാണ് ചിദംബരം പറഞ്ഞത്.

ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ രംഗത്തെ എക്സൈസ് നികുതി 16 ശതമാനത്തില്‍ നിന്ന് നേര്‍ പകുതിയാക്കി കുറ്ച്ചു - ഇതോടെ നികുതി നിരക്ക് 8 ശതമാനമായി താണു.

ഇതിനൊപ്പം ചെറു കാറുകള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ബസ് ചേസിസ് എന്നിവയുടെ നികുതിയിലും ഇളവു നല്‍കുന്നുണ്ട്. നിലവിലെ നികുതി നിരക്കായ 16 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറച്ചു. അതേ സമയം ഹൈബ്രിഡ് കാറുകളുടെ നികുതി നിലവിലെ 24 ശതമാനത്തില്‍ നിന്ന് 14 ശതമാനമായും കുറച്ചിട്ടുണ്ട്.

അതേ സമയം ഐ.റ്റി മേഖലയിലെ സോഫ്റ്റ്‌വെയര്‍ പാക്കേജുകളുടെ നികുതി നിലവിലെ 8 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കൂട്ടിയിരിക്കുകയാണ്. നിലവില്‍ ഈ രംഗത്തെ സേവന നികുതി 12 ശതമാനമാണ്. ഇതിനു സമാനമായാണ് ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ പാക്കേജ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അതുപോലെ ഫില്‍റ്റര്‍ ഇല്ലാത്ത സിഗററ്റുകളുടെ വിലയിലും വര്‍ദ്ധനയുണ്ടാവും. നികുതി നിരക്ക് ഇവയ്ക്ക് കൂട്ടിയിട്ടുണ്ട്.