കേരളരാഷ്ട്രീയത്തില്‍ ആര്‍ക്കും കീഴടക്കാനാകാത്ത ശക്തിയാണ് ചീഫ് വിപ്പ് പി സി ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും പി സി ജോര്‍ജിന്‍റെ ആക്രമണത്തെ ഭയപ്പെടുന്നു എന്നാണ് പല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോര്‍ജിനെ തോല്‍പ്പിക്കാന്‍ സ്നേഹം കൊണ്ടുമാത്രമേ കഴിയൂ എന്ന് ശത്രുക്കള്‍ പോലും വിശ്വസിക്കുന്നു. സ്നേഹത്തിന് മുന്നില്‍ മാത്രമേ താന്‍ തോല്‍ക്കാറുള്ളെന്ന് പി സി ജോര്‍ജും പറയുന്നു.
കൈരളി ടി വി പരിപാടിയായ ‘ജെ ബി ജംഗ്ഷന്‍’ ഓണം സ്പെഷ്യല്‍ അതിഥിയായി അവതരിപ്പിച്ചത് പി സി ജോര്‍ജിനെയാണ്. ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കി പി സി ജോര്‍ജ് പ്രേക്ഷകരുടെ മനംകവര്‍ന്നു.
ഈ പരിപാടിക്കിടെ ‘താന്‍ സിഗരറ്റ് വലി നിര്‍ത്തുകയാണ്’ എന്ന് പി സി ജോര്‍ജ് പ്രഖ്യാപിച്ചത് വലിയ കൌതുകമായി. പരിപാടിക്കിടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട മരുമകള്‍ പാര്‍വതി ഷോണിന്‍റെ(പി സി ജോര്‍ജ് പാര്‍വതിയെ സ്നേഹപൂര്‍വം പാറു എന്ന് വിളിക്കുന്നു) സ്നേഹപൂര്‍ണമായ അഭ്യര്‍ത്ഥന അനുസരിച്ചാണ് പി സി ജോര്‍ജ് പുകവലി നിര്‍ത്തിയത്.
“എല്ലാക്കാര്യങ്ങള്‍ക്കും എല്ലാവര്‍ക്കും മാതൃകയായ പപ്പ പക്ഷേ ഒരു ചെയിന്‍ സ്മോക്കറാണ്. പപ്പ സിഗരറ്റ് വലി ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്” - പാര്‍വതി അഭ്യര്‍ത്ഥിച്ചു. അതോടെ പി സി ജോര്‍ജ് കുടുങ്ങി. പാര്‍വതിയുടെ സ്നേഹനിര്‍ബന്ധത്തെ തള്ളിക്കളയാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലോ. ‘ഇതൊരു ഇരട്ടക്കുഴല്‍ തോക്കുകൊണ്ടുള്ള ആക്രമണമാണ്’ - എന്ന് ഓര്‍മ്മിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് ഉടന്‍ തന്നെ തീരുമാനം പ്രഖ്യാപിക്കാന്‍ പി സി ജോര്‍ജിനെ നിര്‍ബന്ധിച്ചു.
ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും ജോണ്‍ ബ്രിട്ടാസ് വിട്ടുകൊടുത്തില്ല. ‘എന്ന് സിഗരറ്റ് വലി നിര്‍ത്തും?’ എന്ന് പ്രഖ്യാപിക്കാന്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഒരു ഡേറ്റ് പറയാനാകാതെ പി സി ജോര്‍ജ് വിഷമിച്ചു. ജോര്‍ജിന്‍റെ ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളെയെല്ലാം കൈകള്‍ കൊണ്ട് തോക്ക് ആംഗ്യം കാണിച്ച് ബ്രിട്ടാസ് അതിജീവിച്ചു. ഒടുവില്‍ പി സി ജോര്‍ജ് പ്രഖ്യാപിച്ചു - “സെപ്റ്റംബര്‍ 30ന് ശേഷം ഞാന്‍ സിഗരറ്റ് വലിക്കില്ല. സിഗരറ്റ് വലിക്കുന്ന എന്നെ ലോകത്തില്‍ ഒരാള്‍ക്കും കാണാനാവില്ല. ഇത് ദൈവം സത്യം” !
ഒരു ചാനല്‍ ഷോ കൊണ്ട് ഒരാളുടെ ജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനം എടുപ്പിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ടുതന്നെ ജോണ്‍ ബ്രിട്ടാസിനും ജെ ബി ജംഗ്ഷനും ഒരു ബിഗ് സല്യൂട്ട് കൊടുക്കാം.