മാതൃഭൂമി ആരംഭിക്കുന്ന എന്‍റര്‍ടെയ്‌ന്മെന്‍റ് ചാനലിന് പേര് ‘കപ്പ’. അടുത്ത മാസം ആരംഭിക്കുന്ന ചാനല്‍ പൂര്‍ണമായും വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തിയതാണ്. അതിന് ശേഷം നവംബറില്‍ മാതൃഭൂമിയുടെ വാര്‍ത്താ ചാനലും ആരംഭിക്കുന്നുണ്ട്.
ചാനല്‍ രംഗത്ത് ഏറെ മത്സരങ്ങള്‍ ഉണ്ടെങ്കിലും മാധ്യമ രംഗത്ത് മാതൃഭൂമിയുടെ സമ്പന്നമായ പാരമ്പര്യവും അനുഭവ സമ്പത്തും കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന് മാതൃഭൂമി ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍ പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ മാതൃഭൂമി ചാനലുകള്‍ ലാഭം നേടിത്തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ചാനലുകളെ ജനപ്രീതിയില്‍ ഒന്നാമതെത്തിക്കാനാണ് ശ്രമം - ഒരു അഭിമുഖത്തില്‍ ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.
ഉള്ളടക്കത്തിലുള്ള വ്യത്യസ്തതയും ഗുണനിലവാരവും മാതൃഭൂമിയുടെ ചാനലുകളെ വേറിട്ടുനിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. മാതൃഭൂമി ചാനല്‍ ട്രയല്‍ റണ്‍ ആരംഭിച്ചുകഴിഞ്ഞു.
മാധ്യമം ദിനപത്രത്തിന്‍റെ മീഡിയ വണ്‍, കൗമുദിയുടെ കൗമുദി ടി വി, ആര്‍ എസ് എസിന്‍റെ ജനം ടി വി, വനിതാ ചാനലായ സഖി ടി വി, രാജ് ന്യൂസിന്‍റെ മലയാളം ചാനല്‍, കെ മുരളീധരന്‍റെ ജനപ്രിയ, മംഗളം പബ്ലിക്കേഷന്‍റെ മംഗളം ടെലിവിഷന്‍, സി പി ഐയുടെ ചാനല്‍, സുന്നി കാന്തപുരം വിഭാഗത്തിന്‍റെ ചാനല്‍, സീ മലയാളം, ജയ് മലയാളം തുടങ്ങിയവയും ഉടന്‍ മലയാളത്തില്‍ ആരംഭിക്കുന്ന ടി വി ചാനലുകളാണ്.