മം‌മ്ത ചോദിക്കുന്നു- ‘കയ്യില്‍ ഒരു കോടി, ആര്‍ യു റെഡി’

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (12:09 IST)
PRO
PRO
ജനങ്ങളെ കോടീശ്വരന്‍‌മാരാക്കാന്‍ ഏഷ്യാനെറ്റിനോട് മത്സരിക്കാന്‍ സൂര്യയും രംഗത്തിറങ്ങിയിരിക്കുന്നു. ഏഷ്യാനെറ്റിനായി സുരേഷ് ഗോപിയാണ് കോടീശ്വരന്‍ റിയാലിറ്റി ഷോയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെങ്കില്‍ സൂര്യയുടെ കോടീശ്വര ഷോ അവതരിപ്പിക്കുന്നത് നടി മം‌മ്താ മോഹന്‍‌ദാസ് ആണ്.

ഒരൊറ്റ ചോദ്യം...ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ക്കും കോടീശ്വരന്‍‌മാരാകാം എന്ന പരസ്യവാചകത്തോടെയാണ് സുരേഷ് ഗോപിയുടെ, കോടീശ്വരന്‍ ഷോ ആരംഭിക്കുന്നത്. അപ്പോള്‍ സൂര്യയും ഒട്ടും മോശമാക്കരുതല്ലോ? സൂര്യക്ക് വേണ്ടി മം‌മ്ത അവതരിപ്പിക്കുന്ന ഗെയിം‌ഷോയുടെ പേരും തകര്‍പ്പനാണ്. കയ്യില്‍ ഒരു കോടി, ആര്‍ യു റെഡി എന്നാണ് ഗെയിം ‌ഷോയുടെ പേര്. പേര് സൂചിപ്പിക്കും പോലെ ആദ്യം തന്നെ ഒരു കോടി രൂപ മത്സരാര്‍ഥിയുടെ കയ്യില്‍ തരും. പിന്നീട് ഏഴ് ചോദ്യങ്ങള്‍ ചോദിക്കും. ഇവയ്ക്ക് ഉത്തരം പറഞ്ഞാല്‍ ഒരു കോടി രൂപ സ്വന്തമാക്കാം. ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലും അത്രയും സമയം ഒരു കോടി രൂപ കയ്യില്‍ വയ്ക്കാന്‍ കഴിയുമല്ലോ എന്ന് പ്രമുഖ ചാനലിലെ ഒരു രസികന്‍ ആശ്വാസം കൊള്ളുന്നു. ചോദ്യങ്ങള്‍ ചോദിച്ച് ഏറ്റവും അവസാനം ഒരു കോടി രൂപ വിജയിക്ക് നല്‍കുന്ന രീതിയാണ് ഏഷ്യാനെറ്റിന്റേത്.

കേരളത്തില്‍ നിന്നും ദുബായില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആളുകളെ പങ്കെടുപ്പിച്ച് സുരേഷ് ഗോപിയുടെ ഷോ ഒന്നാം ഘട്ടം പിന്നിട്ടുകഴിഞ്ഞു. മം‌മ്തയുടെ ഗെയിം ഷോ ഈ മാസം 26ന് ആരംഭിക്കും. കോടികള്‍ സമ്മാ‍നമായി നല്‍കുന്ന മുകേഷിന്റെ ഡീല്‍ ഓര്‍ നോ ഡീല്‍ സൂര്യയില്‍ ഇപ്പോഴും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

സംഗീത നൃത്ത റിയാലിറ്റി ഷോകള്‍ ജനങ്ങള്‍ മടുത്തുതുടങ്ങിയതിനാലാണ് ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ചുവടുപിടിച്ച് മലയാള ചാനലുകളും കോടീശ്വര ഷോകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചാനല്‍ മത്സരം കടുത്തതിനാല്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മലയാളത്തിലെ ചാനലുകള്‍. ഇതിന്റെ ഭാഗമായാണ് ജനങ്ങളെ കോടീശ്വരന്‍‌മാരാക്കുന്നുവെന്ന പരസ്യവുമായി ചാനലുകള്‍ രംഗത്തെത്തിയത്. ജനങ്ങള്‍ കോടീശ്വരന്‍‌മാരാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും എസ് എം എസ് കളിയിലൂടെ അവതാരകരും ചാനലുകളും പണം‌‌കൊയ്യും എന്ന് സംശയമില്ല.