ഫുള്‍‌ടൈം കോമഡി ചാനലുമായി ഏഷ്യാനെറ്റ്

Webdunia
ശനി, 11 ഫെബ്രുവരി 2012 (11:44 IST)
PRO
PRO
തമിഴിലും മറ്റ് പ്രധാനപ്പെട്ട ഇന്ത്യന്‍ ഭാഷകളിലും കോമഡിക്ക് മാത്രമായി ചാനലുകള്‍ ഉണ്ടെന്നിരിക്കേ, മലയാളത്തില്‍ ഇതുവരെയും അത്തരമൊരു ചാനല്‍ ക്ലച്ചുപിടിച്ചില്ല. ചിരിയുയര്‍ത്തുന്ന വിവിധ പരിപാടികളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാളും മുന്‍‌പന്തിയില്‍ കേരളമാണ് എന്നതാണ് സത്യം. ചാക്യാര്‍ കൂത്ത്, ഓട്ടന്‍‌തുള്ളല്‍, ഹാസ്യകഥാപ്രസംഗം, സിനിമാ ഗാനങ്ങള്‍ക്ക് പാരഡി ഗാനങ്ങള്‍, മിമിക്സ് പരേഡ്, കോമഡി സ്കിറ്റുകളുടെ കസെറ്റുകള്‍ എന്നിങ്ങനെ തമാശക്കാര്യങ്ങളില്‍ ഏറെ പാരമ്പര്യമുള്ള സംസ്ഥാനമായിട്ടും കേരളത്തില്‍ ഒരു കോമഡി ചാനല്‍ വേരോടിയില്ല എന്നത് അത്ഭുതം തന്നെ. എന്തായാലും ഏഷ്യാനെറ്റ് ഇതാ ഈ പ്രശ്നത്തിനൊരു പരിഹാരവുമായി എത്തുന്നു.

‘ചിരി’ എന്ന പേരില്‍ ഫുള്‍‌ടൈം കോമഡി പ്രോഗ്രാമുകള്‍ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്ന ഒരു ചാനലുമായാണ് ഏഷ്യാനെറ്റ് വരുന്നത്. ഈ ചാനലിന് ബ്രോഡ്കാസ്റ്റിംഗ്‌ അനുമതി ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ കോമഡി പരിപിടികള്‍ കൂടുതല്‍ വരുന്നത് ഏഷ്യാനെറ്റ്‌ പ്ലസ്സിലൂടെയാണ്‌. അധികം വൈകാതെ തന്നെ ചരിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌. പേ ചാനല്‍ എന്ന നിലയിലാണ്‍ ഈ ചാനല്‍ തുടങ്ങുക എന്നറിയുന്നു‌. കുറച്ചുകാലം മുമ്പ് ‘ചിരിത്തിര’ എന്നപേരില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ഒരു കോമഡി ചാനല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ ചാനല്‍ പൂട്ടുകയും ചെയ്തു. എന്തായാലും, സണ്‍ ടിവി വിട്ടിട്ടുപോയ ‘സ്പേസ്’ നന്നായി ഉപയോഗപ്പെടുത്താന്‍ ഏഷ്യാനെറ്റിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.