സിനിമാ മേഖലയിലും സ്‌ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കമ്മറ്റികൾ അടിയന്തിരമായി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി. 'തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാ പ്രവർത്തകർക്ക് ലഭിക്കുന്നുമില്ല' ഡബ്ല്യൂസിസി ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
തൊഴിലിടങ്ങളിൽ എല്ലാവരുടെയും ക്ഷേമവും സുരക്ഷയും സമത്വവും ഉറപ്പുവരുത്താൻ കേരളത്തിലെ വിവിധ തൊഴിൽ സംഘടനകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അതാണ് ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു നമ്മെ വ്യത്യസ്തമാക്കുന്നത്. ഇതിന്റെ തുടർച്ച മലയാള സിനിമ മേഖലയിലും ഉണ്ടാവേണ്ടതുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികളും കമ്മിറ്റികളും രൂപീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ അനിവാര്യമാണ്.
തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ നടപ്പിലാക്കാൻ ഉള്ള സംവിധാനങ്ങൾ 2013 ലെ PoSH ആക്ട് പ്രകാരം വേണമെന്ന് അനുശാസിക്കുന്നുണ്ടെങ്കിലും നമ്മുടെ മലയാള സിനിമ ലോകം ഇതു വരെ അതു നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ ആ നിയമത്തിന്റെ ഗുണഫലങ്ങൾ ശരിയായ അർത്ഥത്തിൽ സിനിമാ പ്രവർത്തകർക്ക് ലഭിക്കുന്നുമില്ല. AMMA, FEFKA തുടങ്ങിയ സംഘടനകൾ ഇപ്പോൾ വനിതാസെൽ രൂപീകരിച്ചെങ്കിലും അവ നിയമങ്ങൾ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പ്രകാരമല്ല എന്നതാണ് വസ്തുത.
എല്ലാ സിനിമാ സംഘടനകളെയും ഒരുമിച്ച് ചേർത്ത് PoSH ആക്ട് പ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ WCC കേരള ഹൈ കോർട്ടിൽ ഒരു PIL ഫയൽ ചെയ്ത വിവരം അറിയിക്കുന്നതിൽ അഭിമാനമുണ്ട്. കേരള സംസ്ഥാന സർക്കാർ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ , ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (FEFKA), മലയാളം സിനിമ ടെക്‌നിഷ്യൻസ് അസോസിയേഷൻ(MACTA) , കേരള ഫിലിം ഡിസ്ട്രിബ്യുറ്റെർസ് അസോസിയേഷൻ , സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ എന്നിവരെ എല്ലാം ഉൾപ്പെടുത്തിയാണ് ഈ ഹർജി നൽകിയത്.
നമ്മുടെ സിനിമാമേഖലയെ സ്ത്രീ സുരക്ഷാ നിയമം പാലിക്കുന്ന ഇടം ആക്കി മാറ്റുന്ന മാതൃകാപരമായ പ്രവൃത്തിയിൽ സിനിമാ പ്രവർത്തകർ ഒറ്റ കൈയ്യായി മുന്നേറേണ്ടതുണ്ട്. അതിലൂടെ മാത്രമെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും സുരക്ഷയും , ക്ഷേമവും സമത്വവും നൽകാൻ സാധിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.