എന്ത് ചിരിയാണ്, റിയാലിറ്റി ഷോ വഴി കിട്ടിയ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനെത്തിയ പ്രണവ്; ചേർത്തുനിർത്തി മുഖ്യമന്ത്രി

ഗോൾഡ ഡിസൂസ
ചൊവ്വ, 12 നവം‌ബര്‍ 2019 (11:26 IST)
നിറഞ്ഞ ചിരിയോടെ പ്രണവിന്റെ സെൽഫിക്ക് പോസ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മനസ് നിറയ്ക്കുന്ന കാഴ്ചയാണത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ തനിക്ക് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനെത്തിയതായിരുന്നു ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ്. മുഖ്യമന്ത്രി തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റിങ്ങനെ: 
 
രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കൻ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.
 
സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂർവം യാത്രയാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article