മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ എസ്ബിഐ അക്കൗണ്ട് ഹോർഡനായ ഹുക്കും സിങ്ങിന് ഓരോ മാസവും തന്റെ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം എത്തുന്നുണ്ടായിരുന്നു.എന്നാല്‍ ഇത് എവിടെ നിന്നാണെന്ന് അറിയുമായിരുന്നില്ല. ഈ പണം എവിടെ നിന്ന് വരുന്നു എന്നതിനെ കുറിച്ച് അയാള്‍ തല പുകച്ച് ആലോചിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ പൗരന്മാര്‍ക്ക് വിതരണം ചെയ്യുമെന്ന് പറഞ്ഞ വാക്കു പാലിച്ചത് ആണെന്നാണ് ഇദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നത്. മോദി നല്‍കിയത് ആണെന്ന് കരുതി എല്ലാ മാസവും പണം വിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
അലംപുരിലെ എസ്ബിഐ ബ്രാഞ്ച് മാനേജരായ രാജേഷ് സൊങ്കറിന് പറ്റിയ അബദ്ധമാണ് ഇതിന് കാരണം. ഇദ്ദേഹം രണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത് ഒരേ അക്കൗണ്ട് നമ്പരാണ്. റൂറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങിനും റോനി ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങിനും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് ഉള്ളത്. ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞിരുന്നതും ഇല്ല.
ബാങ്കില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ റൂറയ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങ് ഹരിയാനയിലേക്ക് ജോലി തേടി പോയി. തുടര്‍ന്ന് അവിടെ നിന്നും ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാള്‍ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുര്‍ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും. എന്നാല്‍ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിങിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാള്‍ അറിഞ്ഞിരുന്നതും ഇല്ല. കഴിഞ്ഞ മാസം ഹരിയാനയില്‍ നിന്നും ഹുക്കും സിങ് മടങ്ങിയെത്തി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബാങ്കില്‍ ഉണ്ടാകേണ്ട 1,40,000 രൂപയുടെ സ്ഥാനത്ത് അക്കൗണ്ടില്‍ അവശേഷിച്ചത് 35,400 രൂപ മാത്രം.
കള്ളപ്പണം പിടിച്ചെടുത്ത നരേന്ദ്ര മോദി നല്‍കുന്നതാണെന്ന് കരുതി മധ്യപ്രദേശിലെ ഹുക്കും സിങ് അക്കൗണ്ടില്‍ നിന്നും ആറുമാസം കൊണ്ട് പിന്‍വലിച്ചത് 89,000 രൂപയാണ്. വിഷയം അറിഞ്ഞ ബാങ്ക് അധികൃതര്‍ ഇത് തന്നില്‍ നിന്ന് മറച്ചുപിടിച്ചെന്നാണ് ഹരിയാനയില്‍ നിന്നുള്ള ഹുക്കും സിങ് ആരോപിക്കുന്നത്. അബദ്ധം പറ്റിയതാണെന്ന് എസ്ബിഐ അധികൃതര്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.