ദിലീപിന്റെ തീരുമാനം പ്രശംസനീയം, അച്ഛന് മോഹൻലാലിനെ ഒത്തിരി ഇഷ്ടമായിരുന്നു: തിലകന്റെ മകൾ പറയുന്നു

Webdunia
ശനി, 30 ജൂണ്‍ 2018 (08:06 IST)
തിലകനെ സിനിമയിൽ നിന്ന് വിലക്കിയ കാലത്തുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് മകൾ സോണിയ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സോണിയ മഹാനടനെ കുറിച്ച് പറഞ്ഞത്. അമ്മയിൽ തിലകനൊരു നീതി, ദിലീപിനൊരു നീതി എന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സോണിയ പറയുന്നു.
 
അമ്മ ചെയ്തത് ധാർമികമായ കാര്യമല്ല. പക്ഷേ, തന്റെ നിരപരാധിത്വം തെളിഞ്ഞ ശേഷം മാത്രമേ അമ്മയിലേക്കുള്ളു എന്ന ദിലീപിന്റെ നിലപാട് പ്രശംസനീയമാണ്. സംഘടനയിലേക്ക് നിരപരാധിത്വം തെളിയിച്ചശേഷം മാത്രമേ എത്തുകയുള്ളൂ എന്ന് പറയുന്നതിൽ ഒരു ധാർമികതയുണ്ടെന്ന് സോണിയ പറയുന്നു.
 
അച്ഛന് ഞങ്ങളേക്കാൾ വാത്സല്യമായിരുന്നു മോഹൻലാലിനോട്. ഏറ്റവും അധികം ‘മോനേ’ എന്ന് അച്ഛൻ വിളിച്ചിട്ടുള്ളത് അദ്ദേഹത്തെയാണ്. അന്നും ഇന്നും മോഹൻലാൽ മൌനം പാലിക്കുകയാണ്. അച്ഛന്റെ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് വോയിസ് റെസ്റ്റ് ആയതുകൊണ്ടാണ് മോഹൻലാൽ സംസാരിക്കാതിരുന്നതെന്ന് തിലകൻ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇന്ന് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കെ മോഹൻലാൽ മൌനം വെടിയേണ്ടതാണ്.
 
‘താരസംഘടനയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ നേരത്തെ കരാറായ ഏഴു സിനിമകളില്‍ നിന്ന് അവര്‍ അച്ഛനെ പുറത്താക്കിയിരുന്നു. അഭിനയിക്കാന്‍ എത്തിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് അപമാനിതനായി മടങ്ങേണ്ട അനുഭവം വരെ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്- സോണിയ പറയുന്നു.
 
അന്ന് ഫെഫ്‌കയും അച്ഛന് എതിരായിരുന്നു. ഇന്ത്യൻ റുപ്പിയിൽ സംവിധായകൻ രഞ്ജിത്ത് അച്ഛനെ അഭിനയിപ്പിക്കാൻ നോക്കിയപ്പോഴും വളരെ വലിയ എതിർപ്പായിരുന്നു ഉണ്ടായത്. ഇന്ത്യന്‍ റുപ്പി കാണാന്‍ അച്ഛനൊപ്പം തീയേറ്ററില്‍ പോയിരുന്നു. ഇരുനൂറിനടുത്ത് ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാല്‍ ആദ്യ ചിത്രത്തിനു പോകുന്ന സന്തോഷമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ആരും തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ടവലിട്ടാണ് അന്ന് തീയേറ്ററില്‍ എത്തിയത്.
 
ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പൃഥ്വിരാജ് ചോദിക്കുന്ന ഒരു സീന്‍ സിനിമയിലുണ്ട്. അതില്‍ അച്ഛന്റെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. ആ സീൻ കണ്ടപ്പോള്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുകയാണ്. അന്ന് തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ ഇത്രയും വലിയ പതനത്തിലെത്തിച്ചിരിക്കുന്നത്- സോണിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article