'സന്യാസിയെ കത്തിച്ച് കൊല്ലുന്ന, മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊല്ലുന്ന, മനുഷ്യരെ ആക്രമിക്കുന്ന ഹിന്ദുവല്ല ഞാൻ'

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:02 IST)
വീണ്ടും തുറന്നെഴുത്തുമായി തനൂജ ഭട്ടതിരി. ഹിന്ദുത്വത്തിന്‍റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ടാണ് തനൂജ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. 'ഞാൻവിശ്വാസത്തിന്റെ പേരിൽ തെരുവിൽ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല .അനീതി കളിൽ പിടയുന്നമനുഷ്യരെ ചേർത്ത് നിർത്തുന്ന ഈ ഹിന്ദുവാണെ'ന്ന് തനൂജ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഞാൻ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്.
തനൂജ ഭട്ടതിരി
 
എന്തായാലും നമ്മൾ ഹിന്ദുക്കളല്ലേ? 
അല്ല, ഞാൻ ആ ഹിന്ദുവല്ല. എന്തൊക്കെയായാലും നമ്മൾ മനുഷ്യരല്ലേ? ഞാനീ ഹിന്ദുവാണ്.
ഞാൻവിശ്വാസത്തിന്റെ പേരിൽ തെരുവിൽ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല .അനീതി കളിൽ പിടയുന്നമനുഷ്യരെ ചേർത്ത് നിർത്തുന്ന ഈ ഹിന്ദുവാണ് .നാമജപം തെരുവിൽ അട്ടഹസിക്കുന്ന ആ ഹിന്ദുവല്ലഅല്ല, ഞാൻ .ആ പ്രപഞ്ച ശക്തിയെ മനസാ സ്മരിക്കുന്ന ഈ ഹിന്ദുവാണ് ഞാൻ.
 
ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാൻ നോക്കുന്ന ,ഭഗവത് ഗീതയെ ആത്മാവിൽ ചേർത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാൻ . 
 
ബ്രാഹ്മണനായി ജനിച്ചു എന്നതിനാൽ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാൻ.
അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാൻ.
 
ഈ കാലത്തും ഞാൻ രാജാവാണെന്ന് കരുതുന്നആ ഹിന്ദുവല്ല ഞാൻ.
ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയാണെങ്കിൽ ഞാൻആ ഹിന്ദുവല്ല.
 
ദേവിയെ ഉള്ളിൽ വച്ചാരാധിക്കുന്ന ഹിന്ദുവാണു ഞാൻ.
ഗീതാസാരം ഉൾക്കൊള്ളുന്ന ഹിന്ദുവാണു ഞാൻ.
 
ഏതു ജാതിയിൽ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാൽ ബുദ്ധിയുള്ള ,സ്നേഹമുള്ളകാര്യങ്ങൾ പറയുന്ന മനുഷ്യരുടെഒപ്പമാണ് ഞാൻ. അങ്ങനെയുള്ള എത്രയോ ഹിന്ദുക്കൾ ഇവിടുണ്ട്.
 
അറിവുള്ള, ധീരയായ പെണ്ണിനെ ബഹുമാനിക്കണം എന്ന് നിർബന്ധമുള്ളഹിന്ദുവാണ് ഞാൻ.
ജാതി-ജന്മി-നാടുവാഴിത്തം അവസാനിപ്പിച്ച പൂർവസൂരികളായ ഹിന്ദുക്കളുടെയൊപ്പമുള്ള ഹിന്ദുവാണ് ഞാൻ.
പെണ്ണിനു നേരെ കയ്യുയർത്തുന്നവനെ തടയുന്ന, ഹിന്ദുവാണ് ഞാൻ. 
 
കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുന്ന ,ആചാരങ്ങൾക്കും മൂല്യങ്ങൾക്കുമപ്പുറം എല്ലാകാലവും എല്ലാ ദേശത്തും ഒരു പോലെ നിലനില്ക്കേണ്ട ധാർമികതയിൽ വിശ്വസിക്കുന്ന ലക്ഷോപ ലക്ഷം ഹിന്ദുക്കളിൽ ഒരാളാണ് ഞാൻ. സ്നേഹവും കരുതലും ഇറ്റു നിക്കേണ്ട മത വിശ്വാസങ്ങളിൽ നമ്മളെന്തിനാണ് രാഷ്രീയം നിറക്കുന്നത്. ?ഏത് മതത്തിൽ ജാതിയിൽ പിറക്കുന്നു എന്നത് ഒരാളുടെ തീരുമാനമല്ല ല്ലോ .
 
ഏത് മതത്തിലോ ജാതിയിലോ ജനിച്ചാലും നമ്മൾ പറയുന്ന കാര്യം അപ്പോഴും പറയാൻ പറ്റുന്ന കാര്യമാ ണെങ്കിൽ മാത്രമെഒരാൾ പറയാവൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതൽ എന്ന് സ്ഥാപിക്കാനല്ലമനുഷ്യർ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത് ?

അനുബന്ധ വാര്‍ത്തകള്‍

Next Article