മീനിനെ ഓടാനും ആനയെ മരം കയറാനും കുരങ്ങിനെ മുട്ടയിടാനും പഠിപ്പിക്കുന്നവരുടെ കീഴിൽ വളരുന്ന കുട്ടികളെ കൊണ്ട് ഒന്നിനും കഴിഞ്ഞേക്കില്ല; കുട്ടികളുടെ ‘പഠന ഭാരത്തെ’ കുറിച്ച് വൈറൽ പോസ്റ്റ്

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (16:20 IST)
എൽ കെ ജി, യു കെ ജി വിദ്യാലയങ്ങളിൽ പോലും ‘പഠനഭാരം‘ ഒരു വല്ലാത്ത ഭാരമായി മാറിയിരിക്കുകയാണ്. സിവിൽ സർവീസിനു ചേർത്തിയ പോലെയാണ് ചിലയിടങ്ങളിലെ അധ്യാപകരുടെ പെരുമാറ്റം. എല്ലാ വിദ്യാർത്ഥികളേയും ഒരേ പോലെ കാണാൻ ഇക്കൂട്ടർക്ക് സാധിക്കാറില്ല. ചെറിയ കുട്ടികൾ അനുഭവിക്കുന്ന ‘പഠന ഭാര’ത്തെ കുറിച്ച് ഡൊ. ഷിംന അസീസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂർണരൂപം:  
 
"യുകെജിയിലുള്ള മോളുടെ നോട്ട്‌ബുക്കിൽ ടീച്ചർ സ്‌റ്റാർ ഇടുന്നില്ല ഡോക്‌ടറെ. അവളൊരേ കരച്ചിലാണ്‌". ഇൻബോക്‌സ്‌ സങ്കടം ഇങ്ങനെ തുടങ്ങിയത്‌ കണ്ടപ്പോൾ വായിച്ച്‌ തുടങ്ങിയത്‌ കൗതുകത്തോടെയാണ്‌.
 
കുഞ്ഞിന്‌ ടീച്ചർ സ്‌റ്റാർ ഇട്ട്‌ കൊടുത്തില്ല, പ്രോത്‌സാഹിപ്പിക്കുന്നില്ല, എൽകെജിയിൽ നിന്ന്‌ കുഞ്ഞ്‌ ക്ലാസിൽ വെച്ച്‌ അപ്പിയിടണമെന്ന്‌ പറഞ്ഞിട്ട്‌ സമ്മതിച്ചില്ല. അവളറിയാതെ അത്‌ സംഭവിച്ചപ്പോൾ അവൾ വല്ലാതെ അപമാനിതയായി, കൂട്ടുകാർ കളിയാക്കി, മോൾ വീട്ടിൽ വന്ന്‌ തേങ്ങിക്കരഞ്ഞു... ചെറിയ കുട്ടികളുടെ ബണ്ണി സ്‌കൗട്ടിൽ ആ കുഞ്ഞിനെ ചേർത്തില്ല. 'അവളേക്കാൾ സ്‌മാർട്ടായ കുട്ടികൾ ക്ലാസിലുണ്ട്‌' എന്ന വിചിത്രന്യായം പറഞ്ഞത്രേ. അവർ അവളെ ഓണം വെക്കേഷനോടെ സ്‌കൂൾ മാറ്റുകയാണത്രേ.
 
ഇത്രയും വായിച്ചപ്പോൾ 'ആ മാതാപിതാക്കൾക്ക്‌ എടുക്കാനാവുന്ന വളരെ മികച്ച തീരുമാനം' എന്ന്‌ മനസ്സിലോർത്തു.
 
ഇവിടേം രണ്ട്‌ മക്കൾ സ്‌കൂളിൽ പോകുന്നു. ഒരാളുടെ കരച്ചിൽ സീസണൊക്കെ കഴിഞ്ഞ്‌ എൽപി കുട്ടപ്പനാണ്‌. രണ്ടാമത്തോൾ എൽക്കേജീൽ നെഞ്ചത്തടീം നിലവീളീം തന്നെ. കാര്യം എന്താന്നറിയോ? പരീക്ഷേം ഹോംവർക്കും. ടീച്ചർ ചീത്ത പറയും, എഴുതാനുണ്ട്‌, പരീക്ഷക്ക്‌ പഠിക്കണം എന്നൊക്കെ കുഞ്ഞിവായിൽ പറയുന്നത്‌ കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നാറുണ്ട്‌. എന്തിനാണ് നമ്മുടെ കെജി കുഞ്ഞുങ്ങൾക്ക്‌ ഈ പറയുന്ന വർക്കുകളും പരീക്ഷകളും? അവരുടെ ബുദ്ധിയും കഴിവും പരീക്ഷിക്കാനും വിലയിരുത്താനും ഈ ജീവനില്ലാത്ത കടലാസുകൾക്കാകുമെന്ന്‌ കരുതുന്നത്‌ വിത്തിന്റെ നിറവും മണവും ഘനവും നോക്കി അതിൽ നിന്ന്‌ നാളെയുണ്ടാകാൻ പോകുന്ന മരത്തിലെ കായകൾ എണ്ണുന്നത്‌ പോലെ ബാലിശമാണ്‌. ഇവാലുവേറ്റ്‌ ചെയ്യണമെങ്കിൽ കുട്ടികൾക്ക്‌ ഏറ്റവും ചുരുങ്ങിയത്‌ ഈ സിസ്‌റ്റം മനസ്സിലാവണ്ടേ?
 
നാലും അഞ്ചും വയസ്സുമുള്ള പൈതങ്ങളെ പറന്ന്‌ നടക്കേണ്ട പ്രായത്തിൽ കൊണ്ടാക്കുന്നത്‌ നീറ്റിനും സിവിൽ സർവ്വീസിനും ട്രെയിൻ ചെയ്യിക്കാനാണെന്ന ഭാവം സ്‌കൂളുകൾ എന്നോ മാറ്റേണ്ടതുണ്ട്‌. മുലകുടി മാറിയ പാടെ അവരെ നിങ്ങൾക്ക്‌ തരുന്നത്‌ അതിനല്ല.
 
ഇവിടെ മോളുടെ കാര്യത്തിലുള്ള സമാധാനം എന്താച്ചാൽ, സ്വന്തം മക്കളെപ്പോലെ നോക്കുന്ന ടീച്ചർമാരും ആയമാരും ഉണ്ടെന്നുള്ളതാണ്‌. അത്‌ കൊണ്ട്‌ തന്നെ അവരോട്‌ പരാതി പറയാൻ മടിയാണ്‌. ഇവിടെ ഒന്നിനെ നോക്കാൻ മൂക്ക്‌ കൊണ്ട്‌ മലയാളം അക്ഷരമാല മൊത്തം എഴുതുമ്പഴാ സ്‌കൂളിലെ മുപ്പതെണ്ണവുമായി അവർ ! പക്ഷേ, അവളുടെ 'സ്‌കൂൾ വിഷമങ്ങൾ' ശരിക്കും വല്ലാത്ത ആശങ്കയുളവാക്കുന്നുണ്ട്‌.
 
ചെറിയ ക്ലാസുകളിലെ ഹോംവർക്കും പരീക്ഷയും ഇവാല്യുവേഷനും തെറ്റായ രീതിയാണെന്ന്‌ നിസ്സംശയം പറയാം. വലുതായിക്കഴിഞ്ഞുള്ള പരീക്ഷയുടെ സിസ്‌റ്റമാകട്ടെ മറ്റൊരു ആഗോളദുരന്തവും ! വിദ്യാഭ്യാസത്തെ സ്‌നേഹിക്കാനും കൂട്ടുകാരെ ഉണ്ടാക്കാനുമൊക്കെയാകണം ചെറിയ ക്ലാസുകൾ. വലുതായാലും, പരീക്ഷയാണ്‌ ലോകമെന്നും ജയിച്ചില്ലേൽ എന്തോ അന്താരാഷ്ട്ര പ്രശ്‌നമാണെന്നുമൊക്കെയുള്ള ചിന്താഗതി എന്നോ തൂക്കി കുപ്പതൊട്ടിയിൽ കളയേണ്ട കാലം അതിക്രമിച്ചു.
 
കുഞ്ഞിമക്കളോട്‌ 'അധ്യാപഹയ' സ്വഭാവം കാണിക്കാതെ സ്‌കൂളിനെ 'സെക്കന്റ്‌ ഹോം' ആക്കിത്തീർക്കാത്തിടത്തോളം വിദ്യാഭ്യാസം കൊണ്ട്‌ നമ്മളുദ്ദേശിക്കുന്ന ലക്ഷ്യം ഒരിക്കലും നേടാൻ പോകുന്നില്ല. വളരെ ചെറിയൊരു ശതമാനം ടീച്ചർമാരേ ഈ ബോധമില്ലാതെ പെരുമാറൂ എന്നറിയാം. അവരോട്‌ അപേക്ഷിക്കുകയാ...
 
മീനിനെ ഓടാനും ആനയെ മരം കയറാനും കുരങ്ങിനെ മുട്ടയിടാനും പഠിപ്പിക്കുന്ന വിദ്യാഭ്യാസസമ്പ്യദായത്തിലെ Read-Write-By heart-Vomit on answer sheet കീഴ്‌വഴക്കത്തിൽ വളരുന്ന കുട്ടികൾക്ക്‌ സമൂഹത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായേക്കില്ല. ഒന്നിന്‌ പിറകെ ഒന്നായി പോകുന്ന ചെമ്മരിയാടിൻകൂട്ടമായും അവരെ വളർത്തേണ്ട. വ്യക്‌തിത്വമുണ്ടാക്കാനും ജീവിതത്തിൽ വിജയിക്കാനും സഹായിക്കുന്നില്ലെങ്കിൽ എന്തിനാണീ കഷ്‌ടപ്പാടൊക്കെ?
 
ചിരിക്കാനും ചിന്തിക്കാനും സ്‌നേഹിക്കാനും ആത്മാർത്‌ഥതയോടെ പെരുമാറാനും ജീവിതത്തിൽ അഭിനയിക്കാതിരിക്കാനുമാണ്‌ ആദ്യം പഠിക്കേണ്ടത്‌. സ്‌പൂണിൽ കോരിക്കൊടുത്തത്‌ നന്നായി ഛർദ്ദിക്കുന്നവരെ മാത്രമായി ഗൗനിക്കരുത്‌.
 
കുഞ്ഞിമക്കളെ പഠിപ്പിക്കുന്ന ടീച്ചറല്ല, അതിന്റെ രീതികളുമറിയില്ല. പക്ഷേ, മെഡിക്കൽ കോളേജിലെ കുറേ ഡോക്‌ടർകുഞ്ഞുങ്ങളോട്‌ സദാ ഇടപെടുന്ന ടീച്ചർ എന്ന നിലയിൽ ഒന്നറിയാം- ഇൻസ്‌റ്റന്റ്‌ പഠനം ഒരാൾക്കും ഇഷ്‌ടമല്ല. ജീവിതം പറഞ്ഞും അനുഭവം പകർന്നും ചിന്തകൾക്ക്‌ ചിന്തേരിട്ട്‌ കൊടുത്തുമാണ്‌ നല്ല വിദ്യാർത്‌ഥികളുണ്ടാകുന്നത്‌. പുസ്‌തകങ്ങൾ വായിച്ച്‌ വഴക്ക്‌ പറഞ്ഞ്‌ കാപ്‌സ്യൂൾ പരുവത്തിൽ പഠിപ്പിക്കാൻ എളുപ്പമാ...
 
അത്‌ ചെയ്യരുത്‌. ഞങ്ങളുടെ ഒരാളുടെ പോലും വീട്ടിലെ കുഞ്ഞാവകളോട്‌ ദയവായി ചെയ്യുകയേ അരുത്‌. അതിനല്ല അവരെ അങ്ങോട്ട്‌ വിടുന്നത്‌... അവർ പാടിയും പറഞ്ഞും കൊഞ്ചിയും കണ്ണിൽ കവിത വിരിച്ചുമൊക്കെ വളരെട്ടേന്നേ... ആ കുഞ്ഞിവെളിച്ചം തല്ലിക്കെടുത്തല്ലേ...

അനുബന്ധ വാര്‍ത്തകള്‍

Next Article