നിപ്പ രണ്ടാം ഘട്ടത്തിലേക്ക്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, 1949 പേർ നിരീക്ഷണത്തിൽ

Webdunia
ശനി, 2 ജൂണ്‍ 2018 (08:56 IST)
നിപ്പ വൈറസ് ബാധിച്ച് 17 പേർ മരിക്കുകയും വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
 
നിപ്പ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവർക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാലും വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനാലും 1949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആദ്യം വൈറസ് ബാധിച്ചവരിൽ നിന്ന് രോഗപ്പകർച്ച ഉണ്ടായവരിൽ നിന്ന് മറ്റുള്ളവർക്ക് ബാധിക്കുന്നതാണ് നിപ്പയുടെ രണ്ടാം ഘട്ടം. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ് രണ്ടാംഘട്ടത്തിന് ഇരയായവരെന്ന് സംശയിക്കുന്നു.
 
എന്നാൽ അതേസമയം ഭീതി വേണ്ടെന്നും അതീവ ജാഗ്രതയാണ് വേണ്ടതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. വൈറസ് ബാധ പൂർണ നിയന്ത്രണത്തിലാകും വരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ തുടരുമെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
 
ഇത് മറ്റുള്ള രോഗം പോലെയല്ല. വൈറസ് ബാധിച്ചാൽ അത് പെട്ടെന്നുതന്നെ നമ്മുടെ തലച്ചോറിനെ ബാധിക്കും. ഈ വൈറസിന്റെ രണ്ടാം ഘട്ടം ഉണ്ടകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും നിപ്പ ബാധിതരുമായി അടുത്തിടപഴകിയവർ കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
 
നിപ്പ വൈറസിനെത്തുടർന്ന് ഈ മാസം നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ 16 വരെ മാറ്റിയിട്ടുണ്ട്. കമ്പനി / കോർപറേഷൻ / ബോർഡ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ എന്നിവ ഉൾപ്പെടെ ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി.
 
നിപ്പ വൈറസ് ബാധ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ പ്രൊഫഷനൽ സ്‌ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അഞ്ചുവരെ അവധി നൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article