'ഈ മുന്തിയ കണക്കുകള്‍ ഒരു സ്‌പെഷ്യല്‍ ഓണതള്ളായി കാണാം അല്ലേ?': ബിജെപിക്കെതിരെ ശബരീനാഥന്‍

Webdunia
ശനി, 25 ഓഗസ്റ്റ് 2018 (10:12 IST)
കേരളത്തിന് വന്‍‌തോതിലുള്ള സഹായമാണ് കേന്ദ്രം നല്‍കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ചോദ്യം ചെയ്‌തുകൊണ്ട് ശബരീനാഥന്‍ എം‌എല്‍‌എ. 13,800 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് നല്‍കുമെന്നാണ് ബിജെപിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റില്‍ പറയുന്നതെന്ന് എംഎല്‍എ ചൂണ്ടികാട്ടുന്നു. ‘പോസ്റ്റില്‍ പറയുന്നതുപോലെ 13,800 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് നല്‍കുമെന്നുള്ളത് സത്യമാണോ? ഇതുമായി ബന്ധപെട്ട അറിയിപ്പുകള്‍ ഒന്നും ഇതുവരെ ഒരു മാധ്യമത്തിലും കണ്ടില്ല‘ എന്നും ശബരീനാഥന്‍ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് എം‌എല്‍‌എ ഇക്കാര്യം ചോദിച്ചിരിക്കുന്നത്.


ശബരീനാഥന്‍ എംഎല്‍എയുടെ ഫെയസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-

ഓണസമയത്ത് രാഷ്ട്രീയപോസ്റ്റ് ഇടേണ്ട എന്നു വിചാരിച്ചതാണ്. പക്ഷേ ബിജെപി ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റ് മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ഉദ്യമം.

പോസ്റ്റില്‍ പറയുന്നതുപോലെ 13,800 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് നല്‍കുമെന്നുള്ളത് സത്യമാണോ? ഇതുമായി ബന്ധപെട്ട അറിയിപ്പുകള്‍ ഒന്നും ഇതുവരെ ഒരു മാധ്യമത്തിലും കണ്ടില്ല.

ഇന്ത്യയിലുള്ള 790 MPമാര്‍ MPമാരുടെ ഫണ്ടില്‍ നിന്ന് ഓരോ കോടി രൂപ കേരളത്തിന് നല്‍കുമ്പോള്‍ കേരളത്തിന് കേന്ദ്രത്തിന്റെ 790 കോടി സഹായം ലഭിക്കും എന്നാണ് പറയുന്നത്. രണ്ടു ചോദ്യങ്ങള്‍
1. കേരളത്തിന് പുറത്തുള്ള MPമാര്‍ ഒരു കോടി വികസനഫണ്ട് കേരളത്തിലേക്ക് വകമാറ്റുമെന്ന് പ്രതീക്ഷയില്ല. അവര്‍ക്കു നിജോയകമണ്ഡലത്തില്‍/ സ്വന്തം സംസ്ഥാനങ്ങളില്‍ വികസന നടത്തുകയാണല്ലോ പ്രധാനം.
2. ഈ വര്‍ഷത്തെ (2018-19) ലെ ഫണ്ട് എല്ലാ MPമാരും ഇതിനകം തന്നെ കൊടുത്തുകാണും. അപ്പോള്‍ 2019ലെ MP ഫണ്ട് മോദിജിയുടെ ആഹ്വാനപ്രകാരം MPമാര്‍ നല്‍കും എന്ന് ഊഹിക്കാം. പക്ഷേ അങ്ങനെ ഊഹിച്ചാല്‍ തന്നെ 2019ല്‍ ആദ്യം ലോകസഭ ഇലക്ഷന്‍ അല്ല? പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടല്ലേ ഫണ്ട് MP ഫണ്ട് അനുവദിക്കുകയുള്ളൂ.

അപ്പോള്‍ 790 കോടി കിട്ടുമെന്ന് പറയുന്നത് നമ്മുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപയുടെ കള്ളപണം ഇപ്പം വരും എന്ന് പണ്ട് പറഞ്ഞതു പോലെയായി!

ഈ മുന്തിയ കണക്കുകള്‍ ഒരു സ്‌പെഷ്യല്‍ ഓണതള്ളായി കാണാം അല്ലേ?

അനുബന്ധ വാര്‍ത്തകള്‍

Next Article