കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികരെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസമായിരുന്നു വൈദികരില്‍ ഒരാള്‍ കീഴടങ്ങിയത്. ഇത് മറ്റുള്ളവര്‍ക്കു സമ്മര്‍ദമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല. കറുകച്ചാൽ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യുവാണ് കഴിഞ്ഞ ദിവസം കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുൻപാകെ കീഴടങ്ങിയത്.
മജിസ്ട്രേട്ട് കോടതി രണ്ടാഴ്ച റിമാൻഡ് ചെയ്തു പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു. പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്‌ച തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞില്ല.
മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്.