'ആർ യൂ പൃഥ്വിരാജ്? ഈ സിനിമയിലൊക്കെ അഭിനയിക്കുന്ന’? - 10 വർഷം മുൻപ് ഇഷ്ട നടനെ കണ്ട അനുഭവം വിവരിച്ച് ആരാധകൻ

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 27 ഡിസം‌ബര്‍ 2019 (15:45 IST)
പത്ത് വർഷം മുന്നേ, സെൽഫി ക്യാമറകളും, ഫിൽറ്ററുകളും ഫോട്ടോ എഡിറ്ററുകളുമൊക്കെ വ്യാപകമാകുന്നതിനും മുന്നേയുള്ള അനുഭവക്കഥ തുറന്നെഴുതിയിരിക്കുകയാണ് ഒരു പൃഥ്വിരാജ് ആരാധകൻ. ചെന്നൈയിൽ വെച്ച് പൃഥ്വിരാജിനെ കണ്ട് മുട്ടുകയും സംസാരിക്കുകയും ഒരുമിച്ചൊരു ഫോട്ടോ പകർത്തുകയും ചെയ്ത കഥയാണ് തിരുവനന്തപുരം സ്വദേശി ശരത് ശശിക്ക് പറയാനുള്ളത്. സിനിമാ ഗ്രൂപ്പായ സിനിമാ പാരഡിസോ ക്ലബ്ബിലാണ് ശരത് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 
 
ശരത്തിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ:
 
"ആർ യൂ പൃഥ്വിരാജ്?"
 
പ്രേമം തുറന്ന് പറയാൻ ചെന്ന് നിൽക്കുമ്പോൾ പോലും അനുഭവിക്കാത്തത്ര ടെൻഷനും, വിറവലും സഹിച്ചു കൊണ്ട് അവൻ ചോദിച്ചു.
 
കൈ തുടച്ചു കൊണ്ടിരുന്ന അയാൾ പിന്നിൽ നിന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി ഗൗരവം കുറയ്ക്കാതെ മറുപടി പറഞ്ഞു.
 
"യേസ്"
 
"സിനിമയിൽ ഒക്കെ അഭിനയിക്കുന്ന?"
 
എന്ന തുടർചോദ്യം ഒരു പ്രഹസനമാണ് എന്നറിയാഞ്ഞിട്ടല്ല. ക്ലാസ്മേറ്റ്സ് സിനിമാ എല്ലാ ശനിയാഴ്ചയും മുടങ്ങാതെ കണ്ടോണ്ടിരിക്കുന്ന അവന് പൃഥ്വിരാജിനെ കണ്ടിട്ട് മനസിലായില്ല എന്നു പറയാനുള്ള അഹങ്കാരവും ഉണ്ടായിട്ടല്ല. വേറെ എന്ത് ചോദിക്കണം, എന്ത് പറയണം എന്ന് ചിന്തിക്കാൻ കഴിയാത്തത്ര ശൂന്യമായിരുന്നു അവന്റെ മനസ്സ്.
 
"ചെന്നൈയിലെ മുന്തിയ ഒരു ഹോട്ടലാണ്, വല്ല കാലത്തും അമേരിക്കയിൽ നിന്നും ക്ലയന്റുകൾ സന്ദർശനം നടത്തുമ്പോൾ, അപൂർവമായി വീണു കിട്ടുന്ന ടീം ലഞ്ച് ആണ്. ഈ ലഞ്ച് മുഴുവൻ മുതലാക്കി കഴിക്കാൻ വേണ്ടി ഇന്നലെ രാത്രി മുതൽ ലൈറ്റ് ആയിട്ടേ ഫുഡ് കഴിച്ചിട്ടുള്ളൂ."
 
എന്നൊക്കെ അവന്റെ ബോധമനസ് അവനെ കാര്യമായി ഉപദേശിച്ചപ്പോൾ കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ, ഒരു പ്ലെയിറ്റിൽ അവിടെ കണ്ട സാധനങ്ങൾ നിറച്ചു അവൻ തന്റെ ടീമിന്റെ കൂടെ പോയിരുന്നു. കൂടെയുള്ളവർ എല്ലാവരും പുറം നാട്ടുകാരാണ്. മലയാളികൾ ആരുമില്ല. ഹൃദയം പടപടാ ഇടിക്കുന്നത് ആരോടെങ്കിലും ഒന്ന് പറയാൻ ചുറ്റിലും ആരുമില്ല.
 
കഷ്ടപ്പെട്ടു നിയന്ത്രിച്ചു കുറച്ചു നേരം ഇരിക്കാൻ ശ്രമിച്ചെങ്കിലും,രണ്ട് ടേബിൾ അകലെ പൃഥ്വിരാജ് ഒരു ടേബിളിൽ തനിച്ചിരിക്കുന്നത് കണ്ടിട്ട് അവന് സഹിച്ചില്ല. ഇനി ഇങ്ങനെ ഒരവസരം ജീവിതത്തിൽ കിട്ടില്ല എന്ന് അവന്റെ മനസ്സ് പറഞ്ഞു. ഫുഡ് ടേബിളിൽ വെച്ചു അവൻ പതിയെ എഴുന്നേറ്റു. ക്ലയന്റ് എന്തോ പറയുന്നുണ്ട്. ഒന്നും ശ്രദ്ധിക്കാതെ എഴുന്നേറ്റ് പോകുന്ന അവനെ മാനേജർ കലിപ്പിച്ചു നോക്കുന്നുണ്ട്. ഒന്നും വക വെയ്ക്കാതെ അവൻ പൃഥ്വിരാജിന്റെ ടേബിളിനടുത്തേക്ക് നടന്നു.
 
"ഞാൻ ഒന്ന് ഇവിടെ ഇരുന്നോട്ടെ?"
 
എന്ന് അനുവാദം ചോദിച്ചതും, മറുപടി കിട്ടിയതും, കസേര വലിച്ചിട്ടു ചാടി കയറി ഇരുന്നതും പത്ത് സെക്കൻഡിൽ കഴിഞ്ഞു.
 
"ഇവിടെ സിനിമാ ഷൂട്ടിംഗ് ആണോ?"
 
എന്ന ചോദ്യത്തിന്,
 
"അല്ല, ഞാൻ ഇവിടെയാണ് താമസിക്കുന്നത്." എന്ന മറുപടിയാണ് കിട്ടിയത്.
 
ഒരു ഔചിത്യവും കൂടാതെ അവൻ ചോദിച്ചു,
 
"ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ?"
 
"കഴിച്ചിട്ട് എടുക്കാം."
 
എന്ന മറുപടി കേട്ടതോടെ, അവൻ പതിയെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അവന്റെ ടീമിന് അടുത്തേക്ക് തിരികെ പോയി. എന്താണ് നടക്കുന്നത് എന്ന് മനസിലാകാതെ, ടീമിലുള്ളവർ അവനെ സൂക്ഷിച്ചു നോക്കുന്നുണ്ട്.
 
പ്ളേറ്റിൽ ഇരുന്ന് തണുത്ത റൊട്ടിയും, ഫ്രെയിഡ് റൈസും കറികളും അവൻ കഴിക്കാൻ ശ്രമിച്ചു. ഇറങ്ങുന്നില്ല, കണ്ണ് ഇപ്പോഴും പൃഥ്വിയുടെ ടേബിളിലാണ്.
 
"ഇനി കഴിച്ചിട്ട്, ഫോട്ടോ എടുക്കാൻ വിളിക്കാതെ പറ്റിക്കുമോ."
 
എന്ന പേടി കാരണം പ്ളേറ്റിലേക്ക്‌ നോക്കാതെയാണ് അവൻ ബാക്കി കഴിച്ചത്. കണ്ണ് എപ്പോഴോ മാറിയപ്പോൾ തൊട്ടടുത്ത് ഇരുന്ന സുഹൃത്ത് തട്ടി വിളിച്ചു, അല്പം അകലേക്ക് ചൂണ്ടിക്കാണിച്ചു. അവൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു കാഴ്ച അവിടെ കണ്ടു.
 
പൃഥ്വിരാജ് അവിടെ നിന്ന് കൈ കാണിച്ചു അവനെ വിളിക്കുന്നു.
 
"ഇതൊന്നും കാണാനും കേൾക്കാനും കൂടെ പഠിച്ചവർ ആരുമില്ലല്ലോ"
 
എന്ന ധര്മസങ്കടത്തോടെ അവൻ പൃഥ്വിരാജിന് അരികിലേക്ക് ഓടി.
 
"ആലിൻ പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്."
 
എന്ന് പറയുന്നത് പോലെ ആ കാലത്ത്, അവന്റെ കയ്യിൽ ക്യാമറ ഉള്ള ഒരു ഫോൺ ഇല്ലായിരുന്നു. കൂടെയുള്ള ഒരാളുടെ കാൽ പിടിച്ചു അയാളെ കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു. സെൽഫി ക്യാമറയും, ഫിൽറ്ററുകളും പ്രചാരത്തിലാകുന്നതിന് മുൻപുള്ള ആ കാലത്ത് അവൻ ഒരുപാട് ബുദ്ധിമുട്ടി. പിറ്റേന്ന് ഫോട്ടോഗ്രാഫർക്ക് ബ്രെക്ക്ഫാസ്റ്റ് കൈക്കൂലിയായി വാങ്ങിക്കൊടുത്താണ് ആ ഫോട്ടോ ഒപ്പിച്ചത്.
 
പത്ത് വർഷം കഴിഞ്ഞിരിക്കുന്നു. സെൽഫി ക്യാമറകളും, ഫിൽറ്ററുകളും ഫോട്ടോ എഡിറ്ററുകളും കയ്യിൽ ഇപ്പോൾ ഉണ്ടെങ്കിലും, അന്ന് പ്ളേറ്റിലെ ഫുഡ് ഇരുന്ന് തണുത്ത ആ മൂഡിലേക്ക് അവൻ വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും പോയി.
 
"ഡ്രൈവിങ് ലൈസൻസ്" എന്ന സിനിമ അവൻ കണ്ടു തീർത്തത് പത്ത് വർഷങ്ങൾക്ക് മുൻപ് അനുഭവിച്ച അതേ ടെൻഷനിലാണ്. ഹരീന്ദ്രൻ എന്ന സിനിമാ താരമായി പൃഥ്വിരാജ് തകർത്തു ജീവിച്ച ആ സിനിമയിൽ അവൻ കണ്ടത് മുഴുവൻ പൃഥ്വിരാജ് എന്ന നടനെ തന്നെയാണ്.
 
"താരങ്ങളും മനുഷ്യരാണ്, അവരുടെ സ്വകാര്യതയെ മാനിക്കണം, അവരുടെ പേഴ്സണൽ സ്പെസിലേക്ക് കടന്നു ചെല്ലരുത്."
 
എന്നതിനൊപ്പം,
 
"ആരാധകർ മാനസിക രോഗികളല്ല, ആരാധന എന്നത് ഒരു പ്രഹസനമല്ല എന്ന് അവനും ജീവിതത്തിൽ തിരിച്ചറിഞ്ഞത്, ആരോടെങ്കിലും ഒക്കെ ആരാധന തോന്നി തുടങ്ങിയ ശേഷമാണ്."
 
"ആരാധകർ എന്ന് പറയുമ്പോൾ നിങ്ങൾക്ക് എന്താണ് ഇത്ര പുച്ഛം."
 
എന്ന് ഹരീന്ദ്രൻ എന്ന പൃഥ്വിരാജ് കഥാപാത്രം 'ഡ്രൈവിങ് ലൈസൻസ്" സിനിമയിൽ പറയുന്ന ഡയലോഗ് ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നു.
 
അതേ, ഞാനും ഒരു ആരാധകൻ ആണ്, പൃഥ്വിരാജിന്റ, ധോണിയുടെ, വിജയ് സേതുപതിയുടെ, ആസിഫ് അലിയുടെ, നയൻ താരയുടെ പിന്നെ വേറെ ഒരുപാട് പേരുടെ ......  

അനുബന്ധ വാര്‍ത്തകള്‍

Next Article