രാജ്യത്തെ നടുക്കിയ കത്തുവ സംഭവം: പ്രതികരണവുമായി പൃഥ്വിരാജ് രംഗത്ത്

Webdunia
ശനി, 14 ഏപ്രില്‍ 2018 (14:11 IST)
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി എട്ട് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം കനക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണമാണ് സംഭവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

വിവിധ മേഖലകളിലുള്ളവര്‍ കത്തുവ സംഭവത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ നടത്തി. മലയാള സിനിമാ താരങ്ങളും വിഷയത്തില്‍ തങ്ങളുടെ നിലപാടറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ് രംഗത്തു വന്നു.

ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് പൃഥ്വി തന്റെ നിലപാട് വ്യക്തമാക്കിയത്.

“ കത്തുവ വിഷയത്തില്‍ നിങ്ങളില്‍ നിന്ന് ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു രാജുവേട്ട”

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ എനിക്ക് ലഭിക്കുന്ന ഒരു ചോദ്യമാണിത്. ഈ വിഷയത്തില്‍ ഞാന്‍ എന്തു പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എട്ടുമാസം വയസ് മാത്രമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്‌ത നടപടി തെറ്റാണെന്നോ ?. ഈ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുന്നതു പോലും തെറ്റാണെന്ന് ഞാന്‍ പറയണോ ?, അതോ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതില്ല എന്ന് പറയുന്നത് തെറ്റാണെന്നോ ?. അല്ലെങ്കില്‍ കുട്ടിയുടെ മരണത്തെ വര്‍ഗീയവത്കരിക്കുന്നതും മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നു പറയണോ ?. സംഭവത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഞാന്‍ പറയണോ ?. ഇതെല്ലാം തെറ്റാണെന്നാണോ ഞാന്‍ നിങ്ങളോട് പറയേണ്ടത് ?, എന്നാല്‍ എനിക്കൊന്നും പറയാനില്ല, ഒന്നും.

ആ കുട്ടിയുടെ പിതാവിനെ പോലെ തന്നെയാണ് ഞാനും. രാവിലെ ഉറക്കമുണരുമ്പോള്‍ എനിക്കൊപ്പം ഒരു പെണ്‍കുഞ്ഞുണ്ട്. ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് ഭയമുണ്ട്. അവളും അമ്മയും ഭയക്കുന്നുണ്ടെന്ന് ഭര്‍ത്താവ് എന്ന നിലയില്‍ എനിക്ക് മനസിലാകുന്നുണ്ട്. നിങ്ങളെ പോലെ ഞാനും ഒരു ഇന്ത്യാക്കാരനാണ്. ഞാനും ലജ്ജിച്ചിരിക്കുകയാണ്. അതിലും ഭയപ്പെടുത്തുന്ന വസ്തുത എന്താണെന്നാല്‍ നമ്മള്‍ ഈ നാണക്കേടിനോട് പൊരുത്തപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് നമുക്ക് നാണക്കേടാണ്… ” - എന്നും പൃഥ്വി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article