നിപ്പാ വൈറസ് ബാധയേറ്റ കോഴിക്കോട് ജില്ലയിൽ സേവനമനുഷ്ഠിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ.
നിപ്പ ബാധിച്ചവരെ ചികിത്സിച്ചതിലൂടെ മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിക്ക് കഫീൽ ഖാൻ അനുശോചനം അറിയിക്കുകയും ചെയ്തു.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യോഗി സര്‍ക്കാര്‍ കള്ളക്കേസില്‍ ജയിലിലടച്ച കഫീല്‍ ഖാന്‍ ലിനിയുടെ വിയോഗ ദു:ഖത്തില്‍ പങ്കു ചേര്‍ന്നത്. ”രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റാണ് സിസ്റ്റര്‍ ലിനി മരിച്ചത്. അവര്‍ക്ക് ബിഗ് സല്യൂട്ട്.”
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഡോ കഫീല്‍ മറ്റൊരു കുറിപ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.
‘വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്.‘ - എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 ല്‍ അധികം കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ഡോ കഫീല്‍ ഖാനെ കള്ളക്കേസില്‍ കുടുക്കി യോഗി സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു. പിന്നീട് ആറുമാസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം കിട്ടിയത്.